എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകള്‍ സെമിഫൈനല്‍ (അവസാന 16 ടീമുകള്‍) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്‌സിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ 17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ആദ്യ രണ്ട് ഹീറ്റ്‌സുകളിലും പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്‌സ് 1
1. രാമങ്കരി (കവന്‍ട്രി ബോട്ട് ക്ലബ്, ജോമോന്‍ ജേക്കബ്)
2. വൈക്കം (വയലന്റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ്, ബിജു നാലാപ്പാട്ട്)
3. മമ്പുഴക്കരി (ഫീനിക്‌സ് ബോട്ട്ക്ലബ്, നോര്‍ത്താംപ്ടണ്‍, റോസ്ബിന്‍ രാജന്‍)
4. എടത്വ (എം.എം.സി.എ ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍, സനല്‍ ജോണ്‍)
കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ രാമങ്കരി വള്ളം തുഴയാന്‍ വീണ്ടുമെത്തുന്നത് മിഡ്‌ലാന്റ്‌സിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ സി.കെ.സിയുടെ ചുണക്കുട്ടികളാണ്. കവന്‍ട്രി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നീറ്റിലിറങ്ങുന്ന ടീമിന്റെ ക്യാപ്റ്റന്‍ ജോമോന്‍ ജേക്കബ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായതിന് പരിഹാകം കണ്ട് ചാമ്പ്യന്‍ പട്ടം നേടുമെന്ന ഉറച്ച വിശ്വാസത്തോടെ ചിട്ടയായ പരിശീലനം നടത്തി വരുന്ന സി.ബി.സി കവന്‍ട്രി കിരീടം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. യു.കെയിലെ പ്രമുഖ നിയമസ്ഥാപനമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് സി.കെ.സിയെ സ്‌പോണ്‍സര്‍ ചെയ്യുന്നു.
വയലന്റ് സ്റ്റോംസ് ബോട്ട് ക്ലബ്, കെറ്ററിങ് തുഴയുന്നത് വൈക്കം എന്ന പേരിലുള്ള വള്ളമാണ്. ബിജു നാലാപ്പാട്ട് ക്യാപ്റ്റനായുള്ള നോര്‍ത്താംപ്ടണ്‍ഷെയറില്‍ നിന്നുള്ള ഈ ടീമിന്റെ കന്നിയങ്കമാണിത്. ഗര്‍ഷോം ടിവിയാണ് വയലന്റ് സ്റ്റോമ്‌സിന്റെ സ്‌പോണ്‍സേഴ്‌സ്.
നോര്‍ത്താംപ്ടണില്‍ നിന്നുള്ള ഫീനിക്‌സ് ബോട്ട് ക്ലബ് തുഴയാനെത്തുന്നത് മമ്പുഴക്കരി വള്ളവുമായിട്ടാണ്. ക്യാപ്റ്റന്‍ റോസ്ബിന്‍ രാജന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ ടീം ഇത് കന്നിയങ്കമാണെങ്കിലും ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ക്രിക്കറ്റ്, വടംവലി മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ള ഫീനിക്‌സ് ടീം വള്ളംകളിയിലും കരുത്ത് പ്രകടമാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഫീനിക്‌സ് ബോട്ട് ക്ലബ് കുതിയ്ക്കാനൊരുങ്ങുന്നത്.
യു.കെയിലെ ഏറ്റവും പ്രധാനനഗരങ്ങളിലൊന്നായ മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി സംഘടന എം.എംസി.എയുടെ സ്വന്തം ബോട്ട് ക്ലബ് എത്തുന്നത് എടത്വ വള്ളത്തിലാണ്. മറ്റെല്ലാ മേഖലകളിലും തങ്ങളുടേതായ കരുത്ത് പ്രകടമാക്കുന്ന മാഞ്ചസ്റ്ററിന്റെ ചുണക്കുട്ടികള്‍ ക്യാപ്റ്റന്‍ സനില്‍ ജോണിന്റെ നേതൃത്വത്തില്‍ വിജയകിരീടം ലക്ഷ്യമിട്ടാണ് കന്നിയങ്കത്തിന് ഇറങ്ങുന്നത്. മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ നഴ്‌സിങ് കണ്‍സള്‍ട്ടന്‍സിയായ ഏലൂര്‍ നഴ്‌സിങ് ജോബ്‌സ് ഈ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നു.
ഹീറ്റ്‌സ് 2
1. കാരിച്ചാല്‍ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, നോബി കെ ജോസ്)
2. കാവാലം (ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, എസക്‌സ്, ജോസ് കാറ്റാടി)
3. കൈനടി (ഐല്‍സ്ബറി ബോട്ട് ക്ലബ്, സോജന്‍ ജോണ്‍)
4. ആര്‍പ്പൂക്കര (ഫ്രണ്ട്‌സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്‌ഫോര്‍ഡ്, സോജന്‍ ജോസഫ്)
പ്രഥമ വള്ളംകളി മത്സരത്തില്‍ യു.കെയില്‍ ജലചക്രവര്‍ത്തിയാകുവാന്‍ ഭാഗ്യം സിദ്ധിച്ചത് ചരിത്രപ്രസിദ്ധമായ കാരിച്ചാല്‍ വള്ളത്തിനാണ്. യൂറോപ്പിലെ വള്ളംകളിയില്‍ അങ്ങനെ ചരിത്രം കുറിച്ച തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ വിജയമാവര്‍ത്തിക്കുക എന്നതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവുമില്ല എന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് രണ്ടാം വര്‍ഷം എത്തുന്നത്. മുന്‍പ് യു.കെയിലെ വടംവലി മത്സരങ്ങളിലെ എതിരാളികളില്ലാത്ത ജേതാക്കള്‍ എന്ന ഖ്യാതിയുണ്ടായിരുന്ന വൂസ്റ്റര്‍ തെമ്മാടീസ് നോബി. കെ. ജോസിന്റെ നേതൃത്വത്തില്‍ അങ്കത്തട്ടിലിറങ്ങുമ്പോള്‍ ഒപ്പം മത്സരിക്കാനിറങ്ങുന്ന ടീമുകള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിശുദ്ധ നാടുകളിലേയ്ക്ക് ടൂര്‍ പാക്കേജുകള്‍ ചെയ്യുന്ന ലൂര്‍ദ്‌സ് ഏജന്‍സിയാണ് തെമ്മാടീസ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
മത്സരവള്ളംകളി ചരിത്രത്തിലെ ഏറ്റവും പ്രമുഖമായ കാവാലം വള്ളത്തില്‍ തുഴയാനെത്തുന്നതാവട്ടെ എസക്‌സിലെ ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍ ആണ്. ക്യാപ്റ്റന്‍ ജോസ് കാറ്റാടിയുടെ നേതൃത്വത്തില്‍ മികവുറ്റ കായികതാരങ്ങളെ അണിനിരത്തിയാണ് ഇവര്‍ രണ്ടാം വട്ടം അങ്കത്തട്ടിലിറങ്ങുന്നത്. യു.കെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ബാസില്‍ഡല്‍ മുന്‍പും നിരവധി കലാ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്. കഴിഞ്ഞ വര്‍ഷം കൈവിട്ട് പോയ വിജയം ഇത്തവണ തങ്ങളുടെ കൈപ്പിടിയിലൊതുക്കണമെന്ന വാശിയോടെയാണ് ബാസില്‍ഡണെത്തുന്നത്. മുന്‍ യുക്മ ദേശീയ പ്രസിഡന്റ് കൂടിയായ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിന്റെ ലോ ആന്റ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ ശക്തമായ പിന്തുണയാണ് ടീമിന് നല്‍കി വരുന്നത്.
ഐല്‍സ്ബറി ബോട്ട് ക്ലബ് കുട്ടനാടന്‍ ഗ്രാമമായ കൈനടിയുടെ പേരില്‍ കന്നിയങ്കത്തിന് ഇറങ്ങുമ്പോള്‍ വിജയകിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. കുട്ടനാട് സ്വദേശികള്‍ ഉള്‍പ്പെടെ പരിചയസമ്പന്നരായ മികച്ച തുഴച്ചില്‍ക്കാരുമായാണ് സോജന്‍ ജോണിന്റെ നേതൃത്വത്തിലുള്ള ടീമെത്തുന്നത്. കൈനടിയുടെ സ്‌പോണ്‍സേഴ്‌സ് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സാണ്.
യു.കെയിലെ മാരത്തോണുകളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സോജന്‍ ജോസഫ് ക്യാപ്റ്റനായിട്ടുള്ള ആഷ്ഫഡ് യുണൈറ്റഡ് ബോട്ട് ക്ലബ് ആര്‍പ്പൂക്കര എന്ന പേരില്‍ മത്സരിക്കാനെത്തുമ്പോള്‍ കായികക്ഷമതയുടേയും കരുത്തിന്റേയും ഒരു പ്രകടനം കൂടിയായി മാറുമിത്. ആഷ്ഫഡിന്റെ സ്‌പോണ്‍സേഴ്‌സ് ഗര്‍ഷോം ടിവിയാണ്. ഈസ്റ്റ് ലണ്ടന്‍ ഡോക്‌ലാന്റ്‌സില്‍ പരിശീലനം നടത്തിയെത്തുന്ന ആര്‍പ്പൂക്കര ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ച്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല