എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ജൂണ്‍ 30 ശനിയാഴ്ച്ച ‘കേരളാപൂരം 2018’ നോട് അനുബന്ധിച്ച് നടക്കുന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്‌സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകള്‍ സെമിഫൈനല്‍ (അവസാന 16 ടീമുകള്‍) മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. ഹീറ്റ്‌സിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ 17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. 5,6.7.8 ഹീറ്റ്‌സുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്‌സ് 5
1. ആലപ്പാട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മനേഷ് മോഹനന്‍)
2. കിടങ്ങറ (എന്‍.എം.സി.എ ബോട്ട് ക്ലബ്, നോട്ടിങ്ഹാം, സാവിയോ ജോസ്)
3. കായിപ്രം, (സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി, ബാബു കളപ്പുരയ്ക്കല്‍)
4. ചമ്പക്കുളം (ആബര്‍ ബോട്ട് ക്ലബ്, അബര്‍സ്വിത്, വെയില്‍സ്, പീറ്റര്‍ താണോലില്‍)
യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ സ്വന്തം മണ്ണില്‍ നിന്നും അങ്കത്തിനിറങ്ങുമ്പോള്‍ ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞൊന്നും ആലപ്പാട്ട് വള്ളത്തില്‍ തുഴയാനിറങ്ങുന്ന മനീഷ് മോഹനന്‍ ക്യാപ്റ്റനായുള്ള സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് ലക്ഷ്യമിടുന്നില്ലെന്നു വ്യക്തമാണ്. യുക്മയുടെ കലാകായിക മേളകളില്‍ റീജണല്‍നാഷണല്‍ തലങ്ങളില്‍ പലതവണ കരുത്ത് തെളിയിച്ചിട്ടുള്ള സ്റ്റോക്കിന്റെ പ്രതീക്ഷ മുഴുവനും യുവനിരയുടെ കരുത്തിലാണ്. കഴിഞ്ഞ വര്‍ഷം 7ആം സ്ഥാനം നേടിയ സ്റ്റോക്ക് ബോട്ട്ക്ലബ് പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരിശീലനം നടത്തി കരുത്ത് തെളിയിക്കുമെന്ന വാശിയോടെയാണ് മത്സരത്തിനെത്തുന്നത്.
യുക്മയിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് നോട്ടിങ്ഹാം എന്‍.എം.സി.എ. വടംവലിയില്‍ കരുത്തന്മാരായ നോട്ടിങ്ഹാം വള്ളംകളിയിലും സ്വന്തം ബോട്ട് ക്ലബുമായി എത്തുമ്പോള്‍ കിടങ്ങറ എന്ന കുട്ടനാടന്‍ വള്ളത്തിന്റെ പേരിലാണ് തുഴയെറിയാനൊരുങ്ങുന്നത്. സാവിയോ ജോസ് ക്യാപ്റ്റനായുള്ള ടീം ഇതിനോടകം പലവട്ടം പരിശീലനം പൂര്‍ത്തിയാക്കി കന്നിയങ്കം തന്നെ അവിസ്മരണീയമാക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
കവന്‍ട്രി മലയാളികള്‍ വള്ളംകളിയെ എത്രെമാത്രം ആവേശത്തോടെയാണ് നെഞ്ചിലേറ്റിയതെന്നതിന്റെ തെളിവാണ് സെവന്‍സ്റ്റാര്‍സ് ബോട്ട്ക്ലബിന്റെ രംഗപ്രവേശം. ഒരു പട്ടണത്തില്‍ നിന്നും രണ്ട് ടീം മത്സരത്തിനെത്തുമ്പോള്‍ ഒന്നിനൊന്നിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷയാണ് കവ?ന്‍ട്രി മലയാളികള്‍?ക്കുള്ളത്. ബാബു കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായുള്ള കായിപ്രം ടീമും പലയാവര്‍ത്തി പരിശീലനം നടത്തി ഒരേ താളത്തില്‍ തുഴയെറിഞ്ഞ് വിജയകിരീടം ലക്ഷ്യമിട്ടാണ് മത്സരിക്കാനിറങ്ങുന്നത്.
ചരിത്രപ്രസിദ്ധമായ ചമ്പക്കുളം വള്ളം തുഴയാനിറങ്ങുന്നത് വെയില്‍സിലെ അബര്‍സ്വിത്തില്‍ നിന്നുള്ള ചുണക്കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ഇടുക്കി ബോട്ട് ക്ലബ് ക്യാപ്റ്റനായിരുന്ന പീറ്റര്‍ താണോലില്‍ ഇത്തവണ ആബര്‍ ബോട്ട് ക്ലബിന് നേതൃത്വം നല്‍കിയെത്തുമ്പോള്‍ ഈ ഹീറ്റ്‌സിലെ മത്സരം ആരു ജയിക്കുമെന്നത് പ്രവചനാതീതമാക്കുന്നു.
ഹീറ്റ്‌സ് 6
1. നടുഭാഗം (യുണൈറ്റഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, രാജു ചാക്കോ)
2. അമ്പലപ്പുഴ (തോമാര്‍ ആറന്മുള ബോട്ട് ക്ലബ്, ബ്രിസ്റ്റോള്‍, ജഗദീഷ് നായര്‍)
3. ആനാരി (വാല്‍മ ബോട്ട് ക്ലബ്, വാര്‍വിക്, ലൂയീസ് മേച്ചേരി)
4. പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്, കെന്റ്, ജോഷി സിറിയക്)
വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ ഷെഫീല്‍ഡ് ബോട്ട് ക്ലബ് പോരാട്ടത്തിനെത്തുന്നത്. യോര്‍ക്ക്‌ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന? പ്രതീക്ഷയേകുന്നത്. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിന് സെമിഫൈനലില്‍ അടിയറവ് പറയേണ്ടി വന്ന നടുഭാഗം ആറാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളുമടച്ച് ഒന്നാം സ്ഥാനം നേടുമെന്ന വാശിയില്‍ പരിശീലനം നടത്തിയാണ് ഷെഫീല്‍ഡിന്റെ താരങ്ങളെത്തുന്നത്.
അമേരിക്കയില്‍ നിന്നും കഴിഞ്ഞ വര്‍ഷം യുക്മയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന തോമാര്‍ ? കണ്‍സ്ട്രക്ഷന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കലാണ് ഇത്തവണ കോര്‍പറേറ്റ് വിഭാഗത്തില്‍ ടീമുമായി എത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ അദ്ദേഹം ബിസ്സിനസ്സിനൊപ്പം പൊതുരംഗത്തും സജീവമാണ്. ഈ വര്‍ഷം ടീം രജിസ്‌ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ തന്റെ ദീര്‍ഘകാല സുഹൃത്തായ ജഗദീഷ് നായരെ ക്യാപ്റ്റനാക്കി ഒരു ടീം കോര്‍പറേറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. കോര്‍പറേറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തോമാര്‍ ആറന്മുള ടീം അമ്പലപ്പുഴ വള്ളത്തിന്റെ പേരിലിറങ്ങുമ്പോള്‍ മത്സരം പൊടിപൊടിയ്ക്കാനാണ് സാധ്യത.
കന്നിയങ്കത്തിനിറങ്ങുന്ന വാര്‍വിക് & ലെമിങ്ടണ്‍ മലയാളികളുടെ വാല്‍മ ബോട്ട് ക്ലബ് യുവത്വത്തിന്റെ കരുത്തില്‍ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ്. ഇതിനോടകം തന്നെ നിരവധി തവണ പ്രാക്ടീസ് നടത്തിയ വാല്‍മ ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ലൂയീസ് മേനാച്ചേരിയുടെ നേതൃത്വത്തില്‍ വിജയകിരീടമണിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും മത്സരിക്കാനാവാതെ പോയ സഹൃദയ ബോട്ട് ക്ലബ് കന്നിയങ്കത്തില്‍ തന്നെ ട്രോഫി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്.
ഹീറ്റ്‌സ് 7
1. തായങ്കരി (ജവഹര്‍ ബോട്ട്ക്ലബ് ലിവര്‍പൂള്‍, തോമസുകുട്ടി ഫ്രാന്‍സിസ്)
2. കൊടുപ്പുന്ന (ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, ടോജോ പെട്ടയ്ക്കാട്ട്)
3. കരുവാറ്റ (ഹണ്ടിങ്ടണ്‍ ബോട്ട് ക്ലബ്, ലീഡോ ജോര്‍ജ്)
4. പുന്നമട (നൈനീറ്റണ്‍ ബോയ്‌സ്, സജീവ് സെബാസ്റ്റ്യന്‍)
പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും, പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് കഴിഞ്ഞ വര്‍ഷം ടീമിനെ എത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ലക്ഷ്യം ചാമ്പ്യന്‍പട്ടം തന്നെയാണെന്നാണ്.
കൊടുപ്പുന്ന വള്ളവുമായി തുഴയെറിയാനെത്തുന്നത് ടൈഗ്ഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍ ആണ്. ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട് ക്യാപ്റ്റനായി നേതൃത്വം നല്‍കുന്ന ലെസ്റ്ററിന്റെ പുലിക്കുട്ടികള്‍ ചിട്ടയായ പരിശീലനം നടത്തി കപ്പ് സ്വന്തമാക്കണമെന്ന വാശിയിലാണ് ഫാര്‍മൂറിലെത്തുന്നത്. യു.കെയിലെ കലാ കായിക രംഗത്ത് ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ ലെസ്റ്റര്‍ എല്‍.കെ.സിയില്‍ നിന്നുള്ള മികവുറ്റ കായിക താരങ്ങള്‍ വള്ളം തുഴയാനെത്തുമ്പോള്‍ അവഗണിക്കാനാവാത്ത ശക്തിയാണ് ലെസ്റ്റര്‍ ടൈഗേഗ്‌സ്.
കരുവാറ്റ വള്ളവുമായെത്തുന്നത് യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി കൗണ്‍സിലര്‍ കൂടിയായ ഹണ്ടിങ്ടണില്‍ നിന്നുള്ള ലീഡോ ജോര്‍ജ്ജാണ്. ഹണ്ടിങ്ടണ്‍ ബോട്ട് ക്ലബ് കന്നിയങ്കത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യു.കെ മലയാളികള്‍ക്കിടയില്‍ ചരിത്രം സൃഷ്ടിച്ച് ചെറുപ്രായത്തില്‍ കൗണ്‍സിലറായി വിജയിച്ച ലീഡോയുടെ നേതൃത്വം മത്സരവള്ളംകളിയിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ചരിത്രം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം അംഗങ്ങളും ഹണ്ടിങ്ടണ്‍ മലയാളികളും.
ഹീറ്റ്‌സ് 8
1. കൈനകരി (ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍, ജിസ്സോ എബ്രാഹം)
2. വേമ്പനാട് (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ലിനു വര്‍ഗ്ഗീസ്)
3. നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, സിബു ജോസഫ്)
4. പുതുക്കരി (ഡ്ബ്യു.എം?എ ബോട്ട് ക്ലബ്, സ്വിന്‍ഡണ്‍, സോണി പുതുക്കരി)
ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചുണക്കുട്ടികള്‍ അണിചേര്‍ന്ന് പ്രശസ്തമായ കൈനകരി വള്ളം തുഴയാനെത്തുകയാണ്. ജിസ്സോ എബ്രാഹം ക്യാപ്റ്റനായ കൈനകരി കരുത്തുറ്റ നിരയെ തന്നെയാണ് ടീമില്‍ അണിനിരത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ നാലാം സ്ഥാനക്കാര്‍ എന്ന നിലയില്‍ നിന്നും ഈ വര്‍ഷത്തെ ജേതാക്കളായി ഉയരുമെന്ന വാശിയില്‍ ചിട്ടയായ പരിശീലനം നടത്തിയാണ് ടീമെത്തുന്നത്. യുക്മ ദേശീയ സമിതി അംഗം ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ ജിസ്സോ എബ്രാഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടനേട്ടം കൈവരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
നോട്ടിങ്ഹാം മാന്‍സ്ഫീല്‍ഡിലുള്ള അമ്മ ബോട്ട് ക്ലബ് കന്നിയങ്കത്തിനിറങ്ങുന്നത് വേമ്പനാട് വള്ളത്തിലാണ്. ലിനു വര്‍ഗ്ഗീസിന്റെ ക്യാപ്റ്റന്‍സിയില്‍ വള്ളംകളിയുടേയും വഞ്ചിപ്പാട്ടിന്റേയും പ്രാക്ടീസ് നടത്തിയാണ് മത്സരിക്കാനെത്തുന്നത്. ഒരേ താളത്തില്‍ തുഴയെറിഞ്ഞ് വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തോടെ വേമ്പനാട് വള്ളമെത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാവുമെന്നുള്ളത് തീര്‍ച്ച.
നോര്‍ത്താംപ്ടണ്‍ഷെയറിലെ കെറ്ററിങിലുള്ള മലയാളികളാണ് നെടുമുടി വള്ളവുമായി മത്സരത്തിനെത്തുന്നത്. സിബു ജോസഫ് ക്യാപ്റ്റനായുള്ള കെറ്ററിങ് ബോട്ട് ക്ലബ് നാളുകള്‍ക്ക് മുന്‍പ് തന്നെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ആരംഭിച്ചിരുന്നു. പരിശീലനവും മറ്റും തങ്ങള്‍ക്ക് മേല്‍കൈ നല്‍കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം നെടുമുടി. കഴിഞ്ഞ വര്‍ഷം ഓളപ്പരപ്പിലെ മാസ്മരിക പ്രകടനത്തിനിടെ നെടുമുടി വള്ളം മറിഞ്ഞതും സുരക്ഷാ പിഴവുകളൊന്നുമില്ലാതെ എല്ലാവരേയും സേഫ്റ്റി ബോട്ടുകള്‍ രക്ഷപ്പെടുത്തിയതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
കുട്ടനാടന്‍ കരുത്തിന്റെ പര്യായമായിട്ടാണ് മത്സരത്തിനു മുന്‍പ് തന്നെ പുതുക്കരി വള്ളം വിലയിരുത്തപ്പെടുന്നത്. ഡബ്ല്യു.എം.എ ബോട്ട് ക്ലബ് സ്വിന്‍ഡണ്‍ കന്നിയങ്കത്തിന് ഇറങ്ങുന്നത്. കുട്ടനാടന്‍ വള്ളംകളി മത്സരങ്ങളില്‍ നിറസാന്നിധ്യമായി ഒരു പതിറ്റാണ്ടിലധികം നിന്നിരുന്ന സോണി ആന്റണി പുതുക്കരിയുടെ നേതൃത്വത്തിലാണ് പുതുക്കരി വള്ളം മത്സരത്തിനെത്തുന്നത്. കുട്ടനാട്ടുകാരെയും മറ്റുള്ളവരേയും ചേര്‍ത്ത് ടീം രൂപീകരിച്ച് തഴക്കവും പഴക്കവുമുള്ള ക്യാപ്റ്റന്റെ കീഴില്‍ ചിട്ടയായി പരിശീലനം നടത്തി പുതുക്കരിയെത്തുന്നത് ഒരേ മനസ്സില്‍ ഒരേ താളത്തില്‍ തുഴയെറിഞ്ഞ് വിജയം സ്വന്തമാക്കാനാണ്.
മല്‍സരം നടക്കുന്ന വേദിയുടെ വിലാസം:
ഫാര്‍മൂര്‍ റിസര്‍വോയര്‍ ,
കുമ്‌നോര്‍ റോഡ്,
ഒക്‌സ്‌ഫോര്‍ഡ്
OX2 9NS
8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കും. കൃത്യം 10 മണിയ്ക്ക് തന്നെ ഒന്നാം ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ‘കേരളാ പൂരം 2018’: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല