അനീഷ് ജോണ്‍: യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നത് പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യപ്രതിഭകള്‍ തന്നെയാണ് എന്നത് യുക്മയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തുന്നു. പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, ശ്രീ. പി. ജെ ജെ ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇ ത്തവണത്തെ സാഹിത്യ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത്.
ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ ഇരുനൂറിലധികം രചനകളാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ഉടനെ പ്രഖ്യാപിക്കുന്നതാണ്. വിജയികല്ക്കുള്ള അവാര്‍ഡുകള്‍ 21 നു ഹണ്ടിംഗ് ടണില്‍ നടക്കുന്ന ദേശീയ കലാമേളയുടെ വേദിയില്‍ വച്ച് നല്കുമെന്നു യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ടില്‍, ജനറല്‍ സെക്രട്ടറി സജീഷ് ടോം, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി എ ജോസഫ്, ജയപ്രകാശ് പണിക്കര്‍, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എന്നിവര്‍ അറിയിച്ചു.
നിഷ്പക്ഷവും കൃത്യവുമായ വിധി നിര്‍ണ്ണയം നടത്തുന്നതിനായി മുതിര്‍ന്ന ബഹുമുഖപ്രതിഭ പത്മഭൂഷണ്‍കാവാലം നാരായണ പണിക്കരുള്‍പ്പടെയുള്ള സാഹിത്യപ്രതിഭകളെയാണ് യുക്മ സാംസ്‌കാരികവേദിയ്ക്ക് ലഭിച്ചത്. കവി, നാടകകൃത്ത്, സംവിധായകന്‍, എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷണ്‍ കാവാലം നാരായണ പണിക്കര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുള്ള കാവാലത്തിനെ 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിആദരിച്ചു.
പ്രവാസി സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവും പുതിയ വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളും കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്ന കവികള്‍’, ‘വരുവിന്‍ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളും കഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക് അമേരിക്കയിലെ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെ ജുബൈലില്‍ നീണ്ട വര്‍ഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹം നല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
ഗള്‍ഫ് ജീവിതം കേദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യ രചനകളും നടത്തി അനുവാചക മനസ്സുകളില്‍ താനം നേടിയ പ്രവാസി എഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കല്‍. ‘ഇണയന്ത്രം’ ‘പുലിയും പെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയില്‍’ തുടങ്ങിയ ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലും പ്രവാസഭൂമിയിലുമുല്ല മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഖത്തര്‍ സമന്വയ സാഹിതി പുരസ്‌കാരം, ഗോവ പ്രവാസി സംഗമ അവാര്‍ഡ്, സി എച്ച്‌സ്മാരക പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കല്‍ സൗദി അറേബ്യയിയിലെ റിയാദില്‍ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ആംഗലത്തിലേയ്ക്ക് ‘ഗോട്ട് ഡെയ്‌സ് ‘ എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) നിന്ന് ഇംഗ്ലീഷില്‍ നേടിയ ഡോക്ട്രേറ്റുമായി ഭൂട്ടാന്‍ ഷെറബ്‌സെ, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ ഹായില്‍ യൂണിവേഴ്‌സിറ്റി എന്നിവയില്‍ സീനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.ഇപ്പോള്‍ കേരളത്തിലെ കാസര്‍ഗോഡുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ സ്വദേശിയാണ്, കുടുംബസമേതം കാസര്‍ഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐല്‍സ് ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള കവയിത്രിയാണ്. യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീര കമല മികച്ച പ്രാസംഗികയുമായ ശ്രീമതി കമലയും ആലപ്പുഴ സ്വദേശിയാണ്. മലയാളികളുടെ കലാപരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമായ കലാകാരനും നാടകകൃത്തും തബലിസ്റ്റുമായ ശ്രീ. മനോജ് ശിവയുടെ ധര്‍മ്മപത്‌നിയാണ്.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തുവാന്‍ തയ്യാറായ നിസ്വാര്‍ത്ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥി കളോടും സാംസ്‌കാരികവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുലിക്കൂട്ടില്‍ എന്നിവരോടും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കന്വേനെര്‍ എബ്രഹാം ജോര്ജു നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല