ടോം ശങ്കൂരിക്കല്‍: അപ്രതീക്ഷിതമായി ഒരു വില്ലനേപോലെ കടന്നെത്തിയ തങ്ങളുടെ പ്രീയപ്പെട്ട സണ്ണിച്ചേട്ടന്റെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും കരകേറിയിട്ടില്ലെങ്കിലും ആ വേദന കടിച്ചമര്‍ത്തി തങ്ങള്‍ ഏറ്റെടുത്ത ചുമതല ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുകയാണ് ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികള്‍. യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലോത്സവം ആണ് ജി എം എ ഇത്തവണ ഏറ്റെടുത്തു നടത്തുന്നത്. ആദ്യമായാണ് ജി എം എ ഇതുപോലൊരു സംരംഭത്തിനു ആഥിത്യം അരുളുന്നത്.
ഈ ശനിയാഴ്ച ഒക്ടോബര്‍ 31നു രാവിലെ 9 മണിക്കു ഗ്ലോസ്‌റ്റെറിലെ ക്രിപ്റ്റ് സ്‌കൂളില്‍ വെച്ചാണു ഈ വര്‍ഷത്തെ യുക്മ സൌത്ത് വെസ്റ്റ് കലോത്സവം ആരംഭിക്കുന്നത്. ഏതാണ്ട് 400ഓളം മല്‍സരാര്‍ഥികള്‍ 41 വിഭാഗങ്ങളിലായി തങ്ങളുടെ കലാപ്രാവീണ്യം മാറ്റുരക്കുന്ന ഈ കലാമേളയില്‍ നാല് സ്‌റ്റേജുകളിലായിട്ടാണു മത്സര ഇനങ്ങള്‍ അരങ്ങേറുക. മല്‍സരാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും സുഹൃത്തുക്കളുമായി ഏതാണ്ട് ആയിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ജി എം എ അവര്‍ക്ക് വേണ്ട സര്‍വ്വ സൗകര്യങ്ങളും ഒരുക്കി തയ്യാറായിക്കഴിഞ്ഞു. ചൂടോടെ അപ്പൊ തന്നെ ചുട്ടു കൊടുക്കുന്ന ദോശ, കപ്പ ബിരിയാണി, ബിരിയാണി തുടങ്ങി നിരവധി വിഭവങ്ങളുമാണു മിതമായ വിലക്കു വാങ്ങി കഴിക്കുവാന്‍ ഒരുക്കിയിരിക്കുന്നത്.
യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ. സുജു ജോസഫ്, സെക്രടറി ശ്രീ. ജോണ്‌സന്‍, വൈസ് പ്രസിഡന്റ് ശ്രീ. വര്‍ഗീസ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ ശ്രീ. അനീഷ്, നാഷണല്‍ എക്‌സിക്യൂട്ടീവ് ശ്രീ. ടിറ്റോ തോമസ് എന്നിവര്‍ കഴിഞ്ഞ ആഴ്ച ഗ്ലോസ്‌റ്റെറില്‍ എത്തി ജി എം എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ജി എം എ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രടറി ശ്രീ. എബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ജി എം എ കുടുംബം ഒന്നാകെ അതിധികളെ സ്വീകരിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. യുക്മ സൌത്ത് വെസ്റ്റ് റീജിയണല്‍ കലോല്‍സവത്തിലേക്കു ഏവര്‍ക്കും ജി എം എ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ സ്വാഗതം.
കലോത്സവം നടക്കുന്ന സ്‌കൂളിന്റെ അഡ്രെസ്സ്:
The Crypt School
Podsmead Road
Gloucester
GL2 5AE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല