1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍):ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയൊരു എപ്പിസോഡുമായി ഇതാ ഞങ്ങള്‍ വരികയായി. കഴിഞ്ഞ ഏഴ് എപ്പിസോഡുകള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന പതിനായിരത്തിലധികം സ്ഥിരം പ്രേക്ഷകര്‍ സ്റ്റാര്‍സിംഗര്‍ 3 ക്ക് സ്വന്തമാണെന്നത് വളരെ അഭിമാനകരമായ ഒന്നാണ്. അതിനോടൊപ്പം തന്നെ നിരവധി ആളുകള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചുകൊണ്ട് പ്രോഗ്രാമിനോടുള്ള താല്പര്യം അറിയിക്കുന്നതും യുക്മയ്ക്കും ഗര്‍ഷോം ടി വി ക്കും മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹനവും ആത്മവിശ്വാസവും തരുന്നു.

രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ അമിത ജനാര്‍ദ്ദനന്‍ എത്തുകയാണ്. ആദ്യ റൗണ്ടിലെ കടുത്ത മത്സരത്തിന്റെ ക്ഷീണമകറ്റാന്‍ ജോണ്‍സന്‍ മാഷിന്റെ അതിമനോഹരമായ ‘ഗോപികേ നിന്‍വിരല്‍ തുമ്പുരുമ്മി വിതുമ്പി’ എന്ന ഗാനമാണ് അമിത ആലപിക്കുന്നത്. ‘കാറ്റത്തെകിളിക്കൂട്’ എന്ന ഭരതന്‍ ചിത്രത്തിലെ ഈ ഗാനം രചിച്ചത് മലയാള തനത് നാടകകലയുടെ ആചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരാണ്. എസ് ജാനകി ആലപിച്ച ഈ ഗാനം, റെഡ്ഡിങ്ങില്‍ താമസിക്കുന്ന ഈ പാലക്കാട്ടുകാരിയുടെ ശബ്ദത്തില്‍ നമുക്ക് കേട്ടുനോക്കാം.

ആത്മാവിന്റെ ആഴങ്ങളില്‍ അനായാസമായി കടന്നു ചെല്ലുന്നവയാണ് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. ചന്ദനത്തോട് പനിനീര് കലരുന്നപോലെ ഇളയരാജയുടെ മാസ്മരിക സംഗീതം കൂടി അതിനോട് ഇഴനെയ്യുമ്പോള്‍ ആ ഗാനം എന്നും ഓര്‍മ്മച്ചെപ്പില്‍ ഒരു ഈണമായി ഉണര്‍ന്നുകൊണ്ടേയിരിക്കും. ‘മൂന്നാംപക്കം’ എന്ന ചിത്രത്തിലെ മനോഹരമായ ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം……. ഈ സ്‌നേഹ ലാളനം നീ നീന്തും സാഗരം’ എന്ന ജി വേണുഗോപാലിന്റെ അതിമനോഹരമായ ഗാനം ആലപിക്കുന്നത് സ്‌ലോവില്‍ നിന്നുള്ള ജിജോ മത്തായി ആണ്. ആദ്യ റൗണ്ടിലെ ആലാപനത്തെക്കാള്‍ അതിശയകരമായ പുരോഗതിയോടെയാണ് ജിജോ ഈ റൗണ്ടില്‍ പാടുന്നത്.

യു കെ യിലെ ഗായകരെ പാടി തോല്‍പ്പിക്കുമെന്ന ആത്മവിശ്വാസത്തില്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളി പെരുമ്പള്ളില്‍ ആണ് 1970 80 കളിലെ ഹൃദ്യഗാനറൗണ്ടിന്റെ ഈ എപ്പിസോഡില്‍ അവസാനമായി പാടാനെത്തുന്ന ഗായിക. 1970 ല്‍ പുറത്തിറങ്ങിയ ‘മൂടല്‍ മഞ്ഞു’ എന്ന ചിത്രത്തിലെ ‘ഉണരൂ വേഗം നീ സുമറാണി വന്നു നായകന്‍ പ്രേമത്തിന്‍ മുരളീ ഗായകന്‍’ എന്ന സൂപ്പര്‍ ഹിറ്റ് എസ് ജാനകി ഗാനവുമായാണ് പേളി എത്തുന്നത്. ഭാസ്‌കരന്‍ മാഷ് എഴുതി, ഉഷ ഖന്ന ചിട്ടപ്പെടുത്തിയ ഈ ഗാനം അര നൂറ്റാണ്ടിനോടടുത്തിട്ടും ഭാവ തീവ്രതയോടെത്തന്നെ മലയാളിയുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുന്ന ഒന്നാണ്.

ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും uukmastarsinger3@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു. പുതിയ എപ്പിസോഡിലെ ഗാനങ്ങള്‍ താഴെ കാണാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.