സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): യൂറോപ് മലയാളികളുടെ സംഗീത മാമാങ്കത്തിന് കൊടിയിറക്കം. ലോക പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വിദേശ രാജ്യങ്ങളിലെ ഗായക പ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട്, ഗര്‍ഷോം ടി വി യുടെ സഹകരണത്തോടെ യുക്മ അണിയിച്ചൊരുക്കിയ ‘സ്റ്റാര്‍സിംഗര്‍ 3’ മ്യൂസിക്കല്‍ റിയാലിറ്റി ഷോ പ്രേക്ഷകരുടെ ആദരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് സമാപിച്ചു. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ ഹള്ളില്‍ നിന്നുള്ള സാന്‍ ജോര്‍ജ്ജ് തോമസ് സ്റ്റാര്‍സിംഗര്‍ പട്ടം സ്വന്തമാക്കി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ നിന്നുള്ള ജാസ്മിന്‍ പ്രമോദ് ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ് ഷെഫീല്‍ഡില്‍ നിന്നുള്ള ഹരികുമാര്‍ വാസുദേവന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മലയാളത്തിന്റെ മധുരഗായകന്‍ ശ്രീ ജി വേണുഗോപാല്‍ മുഖ്യാതിഥിയും മുഖ്യ വിധികര്‍ത്താവുമായെത്തിയ ഗ്രാന്‍ഡ് ഫിനാലെ, കഴിഞ്ഞ എട്ടു മാസങ്ങള്‍ നീണ്ട മത്സരങ്ങളിലൂടെ സ്പുടംചെയ്തു വന്ന അഞ്ച് അനുഗ്രഹീത ഗായകരുടെ മാറ്റുരക്കലായിമാറി. മറ്റേതൊരു വിദേശരാജ്യത്തും കാണാന്‍ സാധിച്ചിട്ടില്ലാത്തവിധം തനിക്ക് വിസ്മയത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്നതായിരുന്നു വീറും വാശിയും നിറഞ്ഞ ഈ സംഗീത പോരാട്ടമെന്ന് ശ്രീ വേണുഗോപാല്‍ പറഞ്ഞപ്പോള്‍ ലെസ്റ്റര്‍ അഥീന തീയറ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ കരഘോഷംകൊണ്ട് മുഖരിതമായി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു നാലുമണിക്ക് ശ്രീ വേണുഗോപാല്‍ ലെസ്റ്റര്‍ അഥീനയുടെ പ്രൗഢ ഗംഭീരമായ വേദിയില്‍; യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീഷ് ടോം, ഗര്‍ഷോം ടി വി ഡയറക്ടര്‍മാരായ ബിനു ജോര്‍ജ്, ജോമോന്‍ കുന്നേല്‍, യുക്മ ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, സ്റ്റാര്‍സിംഗര്‍ 3 യുടെ സ്ഥിരം വിധികര്‍ത്താക്കളായിരുന്ന ഡോക്റ്റര്‍ ഫഹദ്, ലോപ മുദ്ര എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് രണ്ടു റൗണ്ടുകളിലായി രണ്ടുമണിക്കൂര്‍ നീണ്ട മത്സരങ്ങളുടെ അരങ്ങേറ്റമായിരുന്നു.
ഗ്രാന്‍ഡ് ഫിനാലെ മത്സരങ്ങള്‍ക്കുശേഷം ശ്രീ വേണുഗോപാലും സംഘവും നയിച്ച ‘വേണുഗീതം’ മെഗാഷോ നടന്നു. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യര്‍ , വൈഷ്ണവ് ഗിരീഷ് , ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ എന്നീ ഗായകരും, മജീഷ്യന്‍ രാജമൂര്‍ത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിര പങ്കെടുത്ത ‘വേണുഗീതം’ ഏറെ നാളുകള്‍ക്കു ശേഷം യു കെ മലയാളികള്‍ക്കൊരു നവ്യാനുഭവമായി. ‘വേണുഗീത’ത്തിന്റെ സമാപനത്തിന് മുന്‍പായി സ്റ്റാര്‍സിംഗര്‍ വിജയികളെ പ്രഖ്യാപിക്കുകയും, വിജയികള്‍ക്ക് ശ്രീ വേണുഗോപാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാര്‍സിംഗര്‍ വിജയി സാന്‍ ജോര്‍ജ്ജ് തോമസിന് ലഭിച്ചത്. ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവായ ജാസ്മിന്‍ പ്രമോദിന് മുത്തൂറ്റ് ഗ്ലോബല്‍ യുകെ നല്‍കുന്ന 750 പൗണ്ടും മൂന്നാം സമ്മാനജേതാവായ ഹരികുമാര്‍ വാസുദേവന് അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 500 പൗണ്ടും സമ്മാനമായി ലഭിച്ചു. ഗ്രാന്‍ഡ് ഫിനാലെയിലെ മറ്റ് ഫൈനലിസ്റ്റുകളായ വൂസ്റ്ററില്‍ നിന്നുള്ള വിനു ജോസഫിനും നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആനന്ദ് ജോണിനും യുക്മയുടെ വക ട്രോഫിയും പ്രശംസാ പത്രവും നല്‍കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല