സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍):ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യില്‍, 1970 1980 കാലഘട്ടത്തിലെ മലയാള സിനിമാ ഗാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തുകൊണ്ടെത്തുന്ന ഹൃദ്യഗാനങ്ങളുടെ സംപ്രേക്ഷണമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ആദ്യ എപ്പിസോഡില്‍ പാടിയ ജാസ്മിന്‍, ആന്റണി, അനു എന്നിവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഈ എപ്പിസോഡില്‍ ഗായകര്‍ എത്തിയിരിക്കുന്നത്. ‘ഇഷ്ടഗാന റൗണ്ടി’ലെ ടോപ് സ്‌കോറര്‍ ആയ മനോജ് നായര്‍, ശാലീന സുന്ദരങ്ങളായ ഗാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേക മികവ്കാട്ടുന്ന ശോഭ ആന്‍ ജോര്‍ജ്, ശാസ്ത്രീയ അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങളോടുള്ള പ്രിയം ഗാനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഒളിച്ചുവക്കാത്തതോടൊപ്പം, പ്രിയങ്കരങ്ങളായ മെലഡികളെയും പ്രണയിക്കുന്ന ഹരികുമാര്‍ വാസുദേവന്‍ എന്നിവരാണ് ഈ എപ്പിസോഡിലെ ഗായകര്‍.
1971 ല്‍ പുറത്തിറങ്ങിയ ‘സിന്ദൂരച്ചെപ്പ്’ എന്ന ചിത്രത്തിലെ ‘ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍’ എന്ന ഗാനവുമായാണ് മനോജ് നായര്‍ രണ്ടാം റൗണ്ടില്‍ എത്തുന്നത്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ദേവരാജന്‍ മാഷ് ഈണമിട്ട ഈ ഗാനം, ദാസേട്ടന്റെ ശബ്ദസൗകുമാര്യത്തില്‍ പഴയതലമുറയുടെ മനസ്സില്‍ ഇന്നും ശ്രുതി മീട്ടുന്നുണ്ട്. ആദ്യ റൗണ്ടിലെ ‘ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ’ പാടിനേടിയ തിളക്കം മനോജ് ഈ റൗണ്ടിലും നിലനിര്‍ത്തുണ്ടോ എന്ന് നമുക്ക് നോക്കാം.
ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു ഫാസിലിന്റെ ‘നോക്കെത്താദൂരത്തു കണ്ണുംനട്ട്’ എന്ന സിനിമയും അതിലെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഗാനവും. മലയാള സിനിമാ സംഗീത രംഗത്തെ പ്രൗഢമായ രണ്ട് വ്യക്തിത്വങ്ങളായ ബിച്ചു തിരുമല എന്ന ഗാനരചയിതാവും ജെറി അമല്‍ദേവ് എന്ന സംഗീത സംവിധായകനും ഇവിടെ ഒന്നിക്കുന്നു. അതുകൊണ്ടുതന്നെ ശോഭ ആന്‍ ജോര്‍ജ് തിരഞ്ഞെടുത്തിരിക്കുന്ന ഈ ഗാനം ഏറെ പ്രിയതരമാകുന്നു. സ്റ്റാര്‍സിംഗര്‍ 3 യില്‍ സംഗീതരംഗത്തെ ഈ ഗുരുസ്ഥാനീയരുടെ ആദ്യ ഗാനമാണ് ആലപിക്കപ്പെടുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ശോഭ തെരഞ്ഞെടുത്തിരിക്കുന്ന ഈ ഗാനത്തിന്.
ഈ എപ്പിസോഡിലെ അവസാന ഗാനം ആലപ്പിക്കാനെത്തുന്നത് ഹരികുമാര്‍ വാസുദേവനാണ്. ‘പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍’ എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ഹരി എത്തുന്നത്. ഒ.എന്‍.വി. കുറുപ്പെന്ന മലയാളത്തിന്റെ മഹാകവിയുടെ കവിത്വം മുഴുവന്‍ ആവാഹിച്ചിരിക്കുന്ന ഒരുഗാനം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന പദ്മരാജന്‍ ചിത്രത്തിലെ, ജോണ്‍സണ്‍മാഷിന്റെ കയ്യൊപ്പുപതിഞ്ഞ ഈ ഗാനം അതിമനോഹരമായി ഹരി ആലപിക്കുന്നു.
ഇനി മൂന്ന് എപ്പിസോഡുകള്‍ കൂടിയാണ് ‘1970 1980 ഹൃദ്യഗാന’ റൗണ്ടില്‍ അവശേഷിക്കുന്നത്. സ്റ്റാര്‍സിംഗറിന്റെ അടുത്ത റൗണ്ടിലേക്ക് ആരൊക്കെ പ്രവേശിക്കും എന്ന ആകാംക്ഷക്ക് വിരാമമാകാന്‍ അതുവരെ കാത്തിരിക്കേണ്ടിവരും. #uukmastarsinger3 എന്ന ഫേസ്ബുക്ക് പേജിലൂടെ ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കാണാവുന്നതാണ്. ഈ പുതിയ എപ്പിസോഡിലെ ഗാനങ്ങള്‍ താഴെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല