1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2018

സജീഷ് ടോം (സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ഈ ആഴ്ചത്തെ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി യു.കെ.ക്ക് പുറത്തുനിന്നും പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ രണ്ട് ഗായികമാരും തങ്ങളുടെ ഇഷ്ട്ട ഗാനങ്ങളുമായി എത്തുന്നു എന്നതാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ സംപ്രേക്ഷണങ്ങളോടുകൂടി പ്രേക്ഷകരുടെ എണ്ണതില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. യൂറോപ് മലയാളികള്‍ക്കൊപ്പം ലോക പ്രവാസി സമൂഹത്തില്‍ തന്നെ യുക്മ സ്റ്റാര്‍ സിംഗര്‍ കൂടുതല്‍ ജനകീയമാകുന്ന കാഴ്ച ഏറെ പ്രതീക്ഷ പകരുന്നു.

എപ്പിസോഡിലെ ആദ്യ ഗാനം ആലപിക്കുന്നത് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നെത്തിയ ജാസ്മിന്‍ പ്രമോദ് ആണ്. അയര്‍ലണ്ടില്‍ വളരെ നല്ലരീതിയില്‍ അറിയപ്പെടുന്ന ഒരുഗായികയായ ജാസ്മിന്‍ യുക്മ സ്റ്റാര്‍സിംഗറിന്റെ ചരിത്രത്തില്‍ യു.കെ.ക്ക് പുറത്തുനിന്നുള്ള ആദ്യ ഗായികയാണ്. വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ എന്ന മനോഹരമായ ഗാനവുമായാണ് ജാസ്മിന്‍ ഡബ്ലിനില്‍ നിന്നെത്തിയിരിക്കുന്നത്.

യു,കെ.യിലെ നിരവധി വേദികളില്‍ നാദോപാസകനായ മനോജ് നായരാണ് രണ്ടാമത്തെ ഗാനം ആലപിക്കുന്നത്. ‘ഒപ്പം’ എന്ന സിനിമയിലെ പ്രസിദ്ധമായ എം.ജി.ശ്രീകുമാറിന്റെ ‘ചിന്നമ്മ അടി കുഞ്ഞി കണ്ണമ്മ’ എന്ന ഗാനമാണ് ഇപ്‌സ്വിച്ചില്‍ നിന്നുള്ള മനോജ് ആലപിക്കുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകളിലെ മാര്‍ക്ക് വിലയിരുത്തുമ്പോള്‍, ഇഷ്ടഗാന റൗണ്ടില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സ്‌കോര്‍ ചെയ്തുകൊണ്ടാണ് മനോജ് സ്റ്റാര്‍സിംഗറിലെ തന്റെ പടയോട്ടം ആരംഭിച്ചിരിക്കുന്നത്.

അവിചാരിതമായാണെങ്കിലും യു.കെ.ക്ക് പുറമെനിന്നുള്ള രണ്ടാമത്തെ ഗായികയും ഈ എപ്പിസോഡില്‍ തന്നെയാണ് മത്സരാര്‍ത്ഥിയായി എത്തുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസിലില്‍ നിന്നുള്ള പേളി പെരുമ്പള്ളില്‍ ആണ് കടല്‍കടന്നെത്തിയ രണ്ടാമത്തെ സുന്ദരി. മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറം കോളേജ് കാമ്പസ്സുകളുടെ ഹരമായി യുവജങ്ങളുടെ ചുണ്ടുകളില്‍ ഈണമായിരുന്ന ‘ഡെയ്‌സി’ എന്ന ചിത്രത്തിലെ ‘രാപ്പാടിതന്‍ പാട്ടിന്‍ കല്ലോലിനി’ എന്ന ഗാനമാണ് സ്റ്റാര്‍ സിംഗര്‍ 3 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളായ പേളി ആലപിക്കുന്നത്.

സ്റ്റാര്‍സിംഗര്‍ 3 ജനകീയമാകുന്നതോടൊപ്പം ഗാനങ്ങളുടെ വിധികര്‍ത്താക്കളും ജനകീയരാകുന്നു. നാട്ടുനടപ്പ് പ്രകാരം ഗായകരെ കീറിമുറിച്ചു വിചാരണ നടത്തുന്ന പതിവിനു വിപരീതമായി അവരെ കൂടുതല്‍ ശാന്തമായി പാടുവാന്‍ പ്രാപ്തരാക്കുന്ന രീതിയിലുള്ള വിധി പ്രസ്താവങ്ങളും അഭിപ്രായ പ്രകടനങ്ങളും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ അന്തരീക്ഷത്തെത്തന്നെ പാടെ മാറ്റിമറിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ജഡ്ജിങ് പാനലില്‍ അംഗമായിരുന്ന ലോപമുദ്ര നെടുങ്ങാടിയും ചലച്ചിത്ര പിന്നണിഗായകനായ ഡോക്റ്റര്‍ ഫഹദ് മൊഹമ്മദും കൂടി സ്റ്റാര്‍സിംഗര്‍ 3 അവിസ്മരണീയമായ ഒരു സംഗീതയാത്രയാക്കി മാറ്റുകയാണ്. സ്റ്റാര്‍ സിംഗര്‍ എപ്പിസോഡ് 3 കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.