സജീഷ് ടോം: യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാര്‍ സിംഗറിന്റെ മൂന്നാം പരമ്പര ഔദ്യോഗീകമായി പ്രഖ്യാപനം ചെയ്യപ്പെട്ടു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഗര്‍ഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക.
2014 ല്‍ ആയിരുന്നു യു കെ മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. യുക്മ സാംസ്‌ക്കാരികവേദി ആയിരുന്നു അന്ന് പരിപാടിയുടെ നേതൃത്വം ഏറ്റെടുത്തു നടപ്പിലാക്കിയത്. ആദ്യ സ്റ്റാര്‍ സിംഗര്‍ പരമ്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാന്‍ഡ് ഫിനാലെ പദ്മശ്രീ കെ എസ് ചിത്ര പ്രധാന വിധികര്‍ത്താവായി പങ്കെടുത്തു എന്ന വലിയ സവിശേഷത കൊണ്ട് ഇന്നും അവിസ്മരണീയമായി നിലകൊള്ളുന്നു. റീജാ ഷിജോ സ്റ്റാര്‍ സിംഗര്‍ പട്ടം നേടിയ ഒന്നാം പരമ്പരയില്‍ ആരുഷി ജെയ്‌മോന്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി. പ്രിയാ ജോമോന്‍, അലന്‍ ആന്റണി, സിബി ജോസഫ് എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ മറ്റ് ഗായക പ്രതിഭകള്‍.
2016 നടന്ന യുക്മ സ്റ്റാര്‍ സിംഗറിന്റെ രണ്ടാം പരമ്പര ആയിരുന്നു ഏറെ ശ്രദ്ധേയമായത്. നടനും നര്‍ത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്ത രണ്ടാം പരമ്പരയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥി ആയെത്തിയത് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആയിരുന്നു. പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ഗര്‍ഷോം ടി വി പങ്കാളികളായെത്തി എന്നത് രണ്ടാം പരമ്പരയുടെ സവിശേഷതയായി. യു കെ യുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ വേദികളില്‍, വിധികര്‍ത്താക്കളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകരുടെയും മുന്നില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് മത്സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത്.
മത്സരങ്ങളുടെ എല്ലാ എപ്പിസോഡുകളും തികഞ്ഞ സാങ്കേതിക മികവോടെ ഗര്‍ഷോം ടി വി യു കെ മലയാളി കുടുംബങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുകവഴി പരിപാടിയെ വളരെയേറെ ജനകീയമാക്കുവാന്‍ സാധിച്ചു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. അനു ചന്ദ്ര സ്റ്റാര്‍ സിംഗര്‍ ആയ രണ്ടാം പരമ്പരയില്‍ അലീന സജീഷ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി. ഡോക്ടര്‍ വിപിന്‍ നായര്‍, സന്ദീപ് കുമാര്‍, സത്യനാരായണന്‍ എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ ഇതര ഗായകര്‍.
ഏറെ പുതുമകളുമായി ഗര്‍ഷോം ടി വി യുടെ സഹകരണത്തോടെ തന്നെ, മൂന്നാം സംഗീത പരമ്പരയുമായി യുക്മ ഇതാ എത്തുകയായി. ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ ഒഡിഷനിലേക്ക് പതിനാറ് വയസിന് മുകളില്‍ പ്രായമുള്ള യു കെ മലയാളി ഗായകരെ യുക്മ ക്ഷണിക്കുകയാണ്. ഒക്‌റ്റോബര്‍ ഇരുപത്തെട്ടിന് നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയില്‍ വച്ച് ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ ന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.
അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പര്‍, വയസ്സ്, ജനനതീയതി എന്നീ വിവരങ്ങള്‍ സഹിതം uukmastarsinger3@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07706913887, 07500058024 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച ലണ്ടനില്‍ നടക്കുന്ന ഒഡിഷനില്‍ പങ്കെടുക്കേണ്ടതാണെന്ന് സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സജീഷ് ടോം, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ കുന്നേല്‍ എന്നിവര്‍ അറിയിച്ചു. ഒഡിഷന്‍ നടക്കുന്ന സ്ഥലത്തില്‍ മാറ്റം വരുത്തുകയോ, ഒന്നിലധികം വേദികളില്‍ സംഘടിപ്പിക്കപ്പെടുകയോ ചെയ്യാവുന്നതാണ്.
അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി ജൂലൈ പതിനഞ്ച് ശനിയാഴ്ച ആയിരിക്കും. കൂടുതല്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ആദ്യ രണ്ട് പരമ്പരകളിലും ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയവര്‍ ഒഡിഷന് അപേക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. ഇതാദ്യമായാണ് സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ഒഡിഷന്‍ പൊതു വേദിയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടുന്നത്. ഒഡിഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍, യു കെ യുടെ മൂന്ന് വ്യത്യസ്തമായ സ്ഥലങ്ങളില്‍ ഒരുക്കുന്ന വേദികളില്‍, ക്ഷണിക്കപ്പെട്ട പ്രേക്ഷകരുടെയും വിധികര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍, പുതുമയാര്‍ന്ന വിവിധ റൗണ്ടുകളിലൂടെ മത്സരിച്ചു വിജയിച്ചതാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്ഥമായി, യുക്മ ദേശീയ കമ്മറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്നു എന്നതുകൊണ്ടുതന്നെ യുക്മ ദേശീയ റീജിയണല്‍ നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പങ്കാളിത്തം പരിപാടിയുടെ എല്ലാഘട്ടത്തിലും ഉണ്ടാകുമെന്ന് യുക്മ ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു.
കോഓര്‍ഡിനേറ്റേഴ്‌സിന് പുറമെ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ചെയര്‍മാനും ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് വൈസ് ചെയര്‍മാനും ഗര്‍ഷോം ടി വി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായുള്ള സമിതി ആയിരിക്കും ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ നിയന്ത്രിക്കുക. യു കെ പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത. ഉദ്ഘാടനം മുതല്‍ ഗ്രാന്‍ഡ് ഫിനാലെ വരെ എട്ട് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഒഡിഷന്‍ മുതല്‍ എല്ലാ ഗാനങ്ങളും ഗര്‍ഷോം ടി വി സംപ്രക്ഷേപണം ചെയ്യുന്നതായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല