സ്വന്തം ലേഖകന്‍: യുപിയില്‍ ക്ഷേത്രത്തില്‍ കടന്നുവെന്ന പേരില്‍ ദളിത് വയോധികനെ തീയിട്ടു കൊന്നു, പ്രതിഷേധം പടരുന്നു. ദളിത് വിഭാഗത്തില്‍പ്പെടുന്ന വയോധികന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.
ഹാമിര്‍പൂര്‍ ജലോന്‍ അതിര്‍ത്തിയിലെ ഒറ്റപ്പെട്ടുകിടക്കുന്ന ബില്‍ഗാവോണ്‍ ഗ്രാമത്തിലെ മൈദാനി ബാബ ക്ഷേത്രത്തിലാണ് സംഭവം. ഭാര്യയ്ക്കും മകനും സഹോദരനുമൊപ്പമാണ് തൊണ്ണൂറുകാരനായ ചിമ്മ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
സഞ്ജയ് തിവാരി എന്നയാളാണ് ചിമ്മയെ തടഞ്ഞത്. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നും പ്രാര്‍ഥന നടത്തുമെന്നും ചിമ്മ നിലപാടെടുത്തു. പക്ഷേ തിവാരി വീണ്ടും തടഞ്ഞു. പി്‌നനീട് കോടാലിയെടുത്ത് ചിമ്മയെ തിവാരി ആക്രമിക്കുകയായിരുന്നു. ഭാര്യ നിലവിളിച്ചെങ്കിലും തിവാരി നിര്‍ത്തിയില്ല. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചു തീവച്ചു. ക്ഷേത്രത്തില്‍ മറ്റു ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് സംഭവം. ആരും ചിമ്മയെ രക്ഷിക്കാനെത്തിയില്ല.
പിന്നീട് നാട്ടുകാരാണ് തിവാരിയെ പൊലീസില്‍ ഏല്‍പ്പിച്ചത്. സംഭവസമയം ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ തിവാരിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു. ഇവരുടെ പേരും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല