സ്വന്തം ലേഖകന്‍: യുപിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കഷ്ടകാലം, മൂന്നു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് നാലു പേര്‍. ഏറ്റവും ഒടുവിലത്തെ സംഭവത്തില്‍ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറായ ഹേമന്ദ് യാദവാണ് വെടിയേറ്റ് മരിച്ചത്. ധീര മേഖലയിലൂടെ ശനിയാഴ്ച രാത്രി സഞ്ചരിക്കവേ ബൈക്കിലെത്തിയ അക്രമികള്‍ വെടിവക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹേമന്ദിന്റെ ഭാര്യയുടെ പരാതിയില്‍,? തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനയച്ചെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് മൂന്ന് പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും. ചില സൂചനകള്‍ ലഭിച്ചതായും വിവരമുണ്ട്.
ജൂണിലാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സമീപകാല ആക്രമണങ്ങള്‍ക്ക് തുടക്കമായത്. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ ജാഗേന്ദ്ര സിംഗ് എന്നയാള്‍ തീപ്പൊള്ളലേറ്റ് മരിക്കുകയായിരുന്നു. റെയ്ഡിനിടെ പൊലീസ് തീ കൊളുത്തുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. യു.പി മന്ത്രിയുടെ അനധികൃത ഖനനത്തെയും ഭൂമി കൈയേറ്റത്തേയും സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മന്ത്രിയുള്‍പ്പെടെ ആറോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
രണ്ടാമത്തെ സംഭവത്തില്‍, ഭാരമേറിയ വസ്തു കൊണ്ട് തലക്കടിയേറ്റാണ് പ്രാദേശിക ഹിന്ദി പത്രത്തിന്റെ ലേഖകന്‍ സഞ്ജയ് പതക്(42) കൊല്ലപ്പെട്ടത്. ബറേലി ജില്ലയില്‍ ആഗസ്തില്‍ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രാദേശിക ലേഖകനും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. ഖനന മാഫിയയ്‌ക്കെതിരെ വാര്‍ത്തയെഴുതിയതാണ് എതിരാളികളെ പ്രകോപിതരാക്കിയത്. മറ്റൊരു സംഭവത്തില്‍, പിലിഭിത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ ബൈക്കില്‍ കെട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല