ഒരാള്‍ മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് റിസര്‍വോയറിലെ എട്ട് മില്യണ്‍ ഗാലന്‍ (മൂന്നുകോടിയിലധികം ലിറ്റര്‍) വെള്ളം ഒഴുക്കിക്കളഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടണിനടുത്തുള്ള ഓര്‍ഗോന്‍ നഗരത്തിലാണ് സംഭവം നടന്നത്. ജോഷ്വാ സ്റ്റീറ്റര്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് പണിപറ്റിച്ചത്. പോര്‍ട്ട്‍ലാന്റിലെ പ്രിസ്റ്റില്‍ തടാകത്തില്‍ എത്തിയ ജോഷ്വാ സ്റ്റീറ്ററിന് മൂത്രമൊഴിക്കാന്‍ തോന്നി. വേറെ ഒന്നും നോക്കിയില്ല, കക്ഷി തടാകത്തിലേക്ക് തന്നെ മൂത്രമൊഴിച്ചു. എന്നാല്‍ ഇതെല്ലാം മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്ന കാര്യം ജോഷ്വാ മറന്നുപോയി. തടാകത്തിന്റെ സുരക്ഷയെ കരുതി വെച്ചിരുന്ന രഹസ്യക്യാമറയില്‍ ജോഷ്വായുടെ പമ്പിംഗ് പരിപാടി കൃത്യമായി പതിഞ്ഞു.
അതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഒരാള്‍ മൂത്രമൊഴിച്ച വെള്ളം എങ്ങനെ ജനങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കും എന്നതായി തര്‍ക്കം. ആരോഗ്യരംഗത്തെ വിദഗ്ദര്‍ വാദിച്ചത് ഇത്രയും വെള്ളത്തിലേക്ക് അല്പം മൂത്രം വീണാലൊന്നും പ്രശ്നമില്ലെന്നും, മനുഷ്യശരീരത്തില്‍ ഇത്ര അളവ് മൂത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നുമൊക്കെയാണ്. എന്നാല്‍ പോര്‍ട്ട്‍ലന്റെ വാട്ടര്‍ബ്യൂറോയുടെ ചീഫ് ഡേവിഡ് ഷാഫ് ഇതൊന്നും അംഗീകരിച്ചില്ല. ഒരാള്‍ മൂത്രമൊഴിച്ച വെള്ളം വിതരണം ചെയ്യാന്‍ പറ്റില്ലെന്നും ഒഴുക്കിക്കണയണമെന്നും അദ്ദേഹം പറഞ്ഞു, അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.
അതേസമയം ഡേവിഡ് ഷാഫിന്റെ ചെയ്തിയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ട് വാദങ്ങള്‍ ഉയര്‍ന്നു. ‘ഞാന്‍ രാവിലെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിയെന്ന് ഒരാള്‍ പറയുമ്പോള്‍, അത് മറ്റൊരാളുടെ മൂത്രമുള്ള വെള്ളം ചേര്‍ത്താണ് ഉണ്ടാക്കിയതെന്ന് പറയാന്‍ ആരെങ്കിലും ആഗ്രഹിക്കുമോയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഒരുവശത്ത് ഉയര്‍ന്നുവന്നു. എന്നാല്‍ മറ്റൊരിടത്ത് ഇത്രയും വെള്ളം ഉപയോഗിക്കാതെ ഒഴുക്കിക്കളഞ്ഞതിനെതിരെയും ചോദ്യങ്ങള്‍ വന്നു. ഏതാണ്ട് 22,000 പൗണ്ടാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത്. ഈ കൃത്യം ചെയ്ത ജോഷ്വ സ്റ്റീറ്ററിനെ പിടികൂടിയിട്ടില്ലെങ്കിലും ഫൈന്‍ ചുമത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.
റിസര്‍വോയറിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുമെന്ന് അറിയാതെയാണ് താന്‍ മൂത്രമൊഴിച്ചതെന്നാണ് പയ്യന്റെ വാദം. പയ്യന്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഇപ്പോള്‍ ഇത്രയും തുക ഫൈന്‍ അടയ്ക്കാന്‍ പറഞ്ഞാല്‍ തന്റെ കൈയ്യില്‍ പണമൊന്നുമില്ലെന്നും സാമൂഹികസേവനം ചെയ്യാന്‍ സന്നദ്ധനാണെന്നും കൂടി പയ്യന്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല