1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2017

ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് നടത്തുവാനൊരുങ്ങുന്ന ‘കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017’ പരിപാടിയുടെ പ്രഖ്യാപനത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് സ്വാഗതസംഘം ഭാരവാഹികളെ ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഇത് നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറുന്നതാണ്.

മിഡ്‌ലാന്റ്‌സിലെ വാര്‍വിക്ഷെയറിലാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച ‘കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017’ന് വേദിയൊരുങ്ങുന്നത്. ഈ പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ സ്വാഗതസംഘം ഭാരവാഹിളെ തെരഞ്ഞെടുത്തപ്പോള്‍ ഈ രംഗത്ത് പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് & ടീം മാനേജ്‌മെന്റ് ചുമതല നല്‍കിയിട്ടുള്ളത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി, തോമസുകുട്ടി ഫ്രാന്‍സിസ്, നാട്ടിലെ വള്ളംകളി മത്സരങ്ങളിലെ ”അമ്പലക്കടവന്‍” വള്ളം തുഴയുന്ന കോട്ടയം പരിപ്പ് ഫ്രണ്ട്‌സ് ബോട്ട്ക്ലബ്ബ് ക്യാപ്റ്റന്‍ ജോഷി സിറിയക് എന്നിവരാണ് വള്ളംകളി മത്സരത്തിന്റെയും ടീം മാനേജ്‌മെന്റെയും ചുമതല വഹിക്കുന്നത്.

ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മത്സരം നടത്തപ്പെടുന്ന വള്ളം കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്‌നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കേരളത്തിലെ നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം യു.കെയിലെ മത്സരങ്ങളിലും ഉള്‍ക്കൊള്ളണമെന്ന അഭിപ്രായമാണ് കമ്മറ്റിയില്‍ ശക്തമായി ഉണ്ടായത്. അതു കൊണ്ട് തന്നെ ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്‌സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകള്‍ക്ക് ഫൈനല്‍ 16 ലിസ്റ്റിലേയ്ക്ക് നേരിട്ട് പ്രവേശനം നല്‍കുകയും ബാക്കിയുള്ള 8 ടീമുകളെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ടീമുകളില്‍ നിന്നുമായി അവസാന 16ലേയ്ക്കുള്ള പ്രവേശന മത്സരത്തിലൂടെ തന്നെ കണ്ടെത്തുന്നതുമാണ്. ഇത് സംബന്ധിച്ച വിശദമായ നിയമാവലി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കേരളത്തിലെ വള്ളം കളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് ലണ്ടന്‍ ഫ്രണ്ട്‌സ് എന്ന ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങുന്നത് കാവാലം അഥവാ ചമ്പക്കുളം എന്നിങ്ങനെ പേരുള്ള ഏതെങ്കിലും ഒരു വള്ളത്തിലാവും. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്‌സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേര് നല്‍കേണ്ടതാണ്. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്‌റു ട്രോഫി വള്ളംകളി മത്സരം പോലെ തന്നെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 500 പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ്. എന്നാല്‍ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക്:

ഇമെയില്‍: secretary@uukma.org

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.