സ്വന്തം ലേഖകന്‍: യൂറോപ്പിനെ ചാരമാക്കാന്‍ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്, 400 ചാവേറുകളെ കയറ്റി അയച്ചു. പാരീസ് മാതൃകയില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ സ്ഫോടനം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച 400 ലധികം ഭീകരരെ കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലുമായാണ് ഈ ചാവേര്‍ സംഘത്തിന് പരീശീലനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരായ 90 പേര് ഉള്‍പ്പെട്ട ആദ്യ സംഘം ഇതിനകം യൂറോപ്പിലെ പ്രധാന നഗരങ്ങളില്‍ ചേക്കേറിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. നവംബര്‍ 13 ലെ പാരീസ് ആക്രമണത്തിന് പിന്നാലെ നടന്ന പോലീസ് റെയ്ഡില്‍ മരണമടഞ്ഞ ഭീകരനാണ് സംഘത്തെ യൂറോപ്പില്‍ എത്തിച്ചത്.
ഇറാഖിലും സിറിയയിലും കനത്ത തിരിച്ചടി നേരിടുന്നുണ്ടെങ്കിലും യൂറോപ്പിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണ് ഐഎസ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തില്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ 34 പേര് കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് സിറിയയില്‍ മധുരം വിതരണം ചെയ്താണ് ഇത് ആഘോഷിച്ചത്. യുകെയില്‍ ഇതിനേക്കാള്‍ വലിയ ആക്രമണത്തിന് തയ്യാറാവാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് ഭീകര സംഘടന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല