1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2018

ബാലസജീവ് കുമാര്‍: പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. യുകെയിലെ മലയാളി പ്രതിഭകളില്‍ മത്സര ബുദ്ധി വളര്‍ത്തുന്നതിനേക്കാളുപരി പ്രകടനങ്ങള്‍ക്കുള്ള വേദിയും, അഭിനന്ദനങ്ങളും, അംഗീകാരങ്ങളും, അസോസിയേഷന്‍, റീജിയന്‍, നാഷണല്‍ തലങ്ങളിലായി നടത്തപെടുന്ന വിവിധങ്ങളായ മത്സരങ്ങളിലൂടെ യുക്മ ചെയ്തു പോരുന്നുണ്ട്. യുക്മ കലാമേളകളും, സാഹിത്യ മത്സരങ്ങളും, കായിക മത്സരങ്ങളും ഇതിനുദാഹരണമാണ്. ഇപ്രകാരമുള്ള മത്സരങ്ങളിലെ പ്രകടനങ്ങള്‍ മത്സരം നടക്കുന്ന ഇടത്തെ മാത്രം കണികളിലേക്കു ഒതുങ്ങുമ്പോള്‍, ഒരു റിയാലിറ്റി ഷോയിലെ പ്രകടനങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് വീക്ഷിക്കാവുന്നതും വിലയിരുത്താവുന്നതുമാണല്ലോ!

ഗര്‍ഷോം ടിവിയുടെ സഹകരണത്തോടെ യുക്മ അവതരിപ്പിച്ച യുക്മ സ്റ്റാര്‍ സിങ്ങര്‍ മൂന്നാം സീസണ്‍ കഴിയാറായ ഈ അവസരത്തില്‍ യുക്മയും ഗര്‍ഷോം ടിവിയും സംയുക്തമായി യുകെയിലെ നാട്യ തിലകങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോ സമര്‍പ്പിക്കുകയാണ്.

എട്ടു വര്‍ഷമായി നടന്നു വരുന്ന യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളിലെ വിധി നിര്ണയത്തിലൂടെ നാട്യമയൂരങ്ങളെയും നാട്യ തിലകങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ യുക്മയിലെ അംഗങ്ങളിലേക്കു മാത്രമായി ഒതുങ്ങിയിരുന്ന ഈ കലാമേളകള്‍ക്ക് ഉപരിയായി യുകെയിലെ മുഴുവന്‍ മലയാളിക്കും അവസരം ഒരുക്കുന്നതിനായി ഒരു ഏകദിന പരിപാടി ആയി യുക്മ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടി മുന്‍കാലങ്ങളില്‍ യുക്മ നടത്തി വന്നിരുന്നു. അതില്‍ നിന്നും ആശയം ഉള്‍കൊണ്ട് യുക്മ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ മാതൃകയില്‍ യൂറോപ്പിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ യുക്മയും ഗര്‍ഷോം ടിവിയും സംയുക്തമായി ഈ വര്‍ഷം അണിയിച്ചൊരുക്കുന്ന പ്രോഗ്രാം ആണ് ”ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍”.

യുകെ ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ വേദികളിലായി ഓഡിഷന്‍ നടത്തി അതില്‍ നിന്നും തിരഞ്ഞെടുക്ക പെടുന്ന പ്രതിഭകള്‍ക്കാണ് ഈ റിയാലിറ്റി ഷോയിലൂടെ അവസരം കൊടുക്കുന്നത്. യുകെയിലെ ലണ്ടനിലും ലെസ്റ്ററിലും , അയര്‍ലണ്ടില്‍ ഡബ്ലിനിലും, സ്വിട്‌സര്‍ലാന്റിലെ സൂറിച്ചിലും ആയി ഓഡിഷനുകള്‍ നടത്തപ്പെടും. ഓഡിഷന്‍ തീയതി അപേക്ഷിക്കുന്ന മത്സരാത്ഥികളെ അറിയിക്കുന്നതാണ്. പെര്‍ഫോമന്‍സിനായി തിരഞ്ഞെടുക്ക പെടുന്നവരെ ഏകാംഗമായും ഗ്രൂപ്പുകളയായും സെമി ക്ലാസിക്കല്‍ , സിനിമാറ്റിക്, ബോളിവുഡ്, ഫ്യൂഷന്‍ , ഫ്രീസ്‌റ്റൈല്‍ തുടങ്ങിയ വിവിധ ഇനം നൃത്ത കലാ രൂപങ്ങള്‍ പ്രഗത്ഭരായ വിധി കര്‍ത്താക്കളുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവതരണ മികവിന് അനുസൃതമായി അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതാണ്.

എല്ലാ റൌണ്ടുകളും പൂര്‍ത്തിയായതിനു ശേഷം ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. മാഞ്ചസ്റ്ററില്‍ വച്ച് നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാളത്തിലെ പ്രശസ്തരായ നര്‍ത്തകര്‍ ആയിരിക്കും വിധികര്‍ത്താക്കളായി എത്തുക. ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ അവരുടെ മുന്‍പില്‍ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും നല്‍കുന്നതായിരിക്കും.

12 നും 20 നും വയസ്സിന് ഇടയില്‍ പ്രായമുള്ള ആണ്‍ പെണ്‍ ഭേദമെന്യേ ഏതൊരു യൂറോപ്പ് മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ മാസത്തില്‍ നടക്കുന്ന ആദ്യ ഒഡിഷനില്‍ നിന്നും വിധി നിര്‍ണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. യൂ.കെയിലെ നാലു നഗരങ്ങളില്‍ വച്ച് ലൈവ് ആയി സ്റ്റേജില്‍ വച്ചായിരിക്കും തുടക്കം മുതല്‍ എല്ലാ റൌണ്ടുകളിലും മത്സരങ്ങള്‍ നടത്തപ്പെടുക. ഈ മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും ഗര്‍ഷോം ടിവി സംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ സ്റ്റേജിലും രണ്ടു റൌണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. മത്സരം പുരോഗമിക്കുന്നതനുസരിച്ച് എലിമിനേഷന്‍ ഉണ്ടായിരിക്കും. പ്രശസ്തരായ നര്‍ത്തകരും കോറിയോ ഗ്രാഫറും അടങ്ങുന്ന വിധികര്‍ത്താക്കള്‍ ആയിരിക്കും വിധി നിര്‍ണ്ണയം നടത്തുക. ഓരോ റൌണ്ടും ഏതൊക്കെ രീതികളില്‍ വേണമെന്ന് വിദഗ്ദ്ധ സമിതി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും.

യുക്മ സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വച്ച് സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ തിരി തെളിയും.യുക്മ സൂപ്പര്‍ ഡാന്‍സറിന്റെ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ:ദീപ ജേക്കബ് , യുക്മ ദദേശീയ നിര്‍വാഹക സമിതി അംഗം കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ ആയിരിക്കുമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

മത്സരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181) ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഡോ:ദീപ ജേക്കബ് (07792763067 ) കുഞ്ഞുമോന്‍ ജോബ് (07828976113) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ഇതിനോടൊപ്പമുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടതാണ്

https://www.emailmeform.com/builder/form/bG4uLakAE26b18zI6X8

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.