ലുങ്കിയുടുത്ത് വന്ന കണ്ട്രിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറ്റിയില്ലെന്നും ഒടുവില്‍ ലുങ്കിയഴിച്ച് ബര്‍മുഡ കാണിച്ചപ്പോള്‍ കയറ്റിവിട്ടെന്നുമുള്ള കഥ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ലുങ്കിയുടത്തവനെ അലവലാതിയായി കണക്കാക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒരുപാടുണ്ടെന്നതിന് ഉദാഹരണമാണ് ഈ കഥ.
ഇനിയൊരു സായിപ്പാണ് ലുങ്കിയുടുത്ത് വരുന്നതെങ്കിലോ? നമ്മുടെ ഹോട്ടലുകാര്‍ സലാംവെച്ച് അവരെ സ്വീകരിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പണ്ടേ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് നമ്മുടെ ശീലമാണ്. എന്തായാലും അങ്ങനെയൊരു കാഴ്ച അധികം വൈകാതെ തന്നെ നമുക്ക് കാണാനൊത്തേക്കും.അതേ നമ്മുടെ പാവം ലുങ്കിയും സായിപ്പിന്റെ പ്രിയപ്പെട്ട ഫാഷനായി മാറുകയാണ്. യൂറോപ്യന്മാരാണ് നമ്മുടെ ലുങ്കിയുടെ ആരാധകരായി മാറുന്നത്.
അടുത്തിടെ ബ്രിട്ടനിലെ വസ്ത്രവ്യാപാരികള്‍ 10000 ലുങ്കികള്ക്കാണ് ഇന്ത്യയില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത്. ഇതുവരെ തെന്നിന്ത്യക്കാരുടെ ഈ പ്രിയവസ്ത്രം ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. ലുങ്കിയുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കിയ സായിപ്പ് യൂറോപ്പിലെ വേനല്‍ക്കാല വസ്ത്രമായി ലുങ്കിയെ ഏറ്റെടുത്തു കഴിഞ്ഞു.
സ്പെയിനിലെ മാഡ്രിഡ് ഐഒയു പ്രൊജക്ടിന്റെ ഭാഗമായി കൂഡലൂരിന് സമീപം കുറിഞ്ചിപ്പടിയില് നിന്നുമായിരുന്നു ലുങ്കികള്‍ യൂറോപ്പിലെത്തിയത്. കുറിഞ്ചിപ്പടിയിലെത്തിയ തുണിവ്യാപാരികള് നമ്മുടെ ലുങ്കിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടിരുന്നു. നിറത്തിലും നീളത്തിലുമൊക്കെയായി ചെറിയമാറ്റങ്ങള്‍. ഇപ്രകാരം പത്ത് വ്യത്യസ്ത ഡിസൈനിലുള്ള ലുങ്കികള്‍ ഇവിടത്തെ നെയ്ത്തുകാര്‍ ഉണ്ടാക്കി. ഇതിഷ്ടപ്പെട്ടാണ് യുകെ വ്യാപാരികളാണ് 10000 ലുങ്കിയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്.
യൂറോപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍ വഴിയുളള്ള ഓണ്‍ലൈന്‍ വ്യാപാരമാണ് ഇപ്പോഴത്തെ തരംഗം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നുള്ള തുണികള്‍ വാങ്ങുകയും യൂറോപ്പിലെ ഫാഷന്‍ വൈദഗ്ദ്ധ്യത്തിലൂടെ വിപണിയില്‍ എത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് ഐഒയു സ്ഥാപകയും ക്രിയേറ്റീവ് ഡയറക്ടറുമായ കവിത പരാമര് പറയുന്നു.കഴിഞ്ഞ വര്‍ഷം 16023 ലുങ്കികളാണ് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തത്. ഈ സെപ്റ്റംബറിന് മുമ്പായി 15000ത്തിന്റെ ഓര്‍ഡര്‍ വേറെയും ലഭിച്ചിട്ടുമുണ്ടെന്നും ഇവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല