അനീഷ് ജോണ്‍ (യുക്മ പി ആര്‍ ഓ, ഷെഫീല്‍ഡ്): 2018 ഷെഫീല്‍ഡ് ദേശീയ കലാമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തന്നെ പറയേണ്ട പേരാണ് യോര്‍ക്ക്‌ഷെയര്‍ റീജിയന്റേത്. മുന്‍നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്‍ക്ക്‌ഷെയര്‍ ഇത്തവണത്തെ കലാമേളയില്‍ കാഴ്ച്ചവച്ചത്. 125 പോയിന്റ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര ഇനങ്ങളിലും വിജയം നേടുന്നതിനും ഈ റീജണില്‍ നിന്നെത്തിയവര്‍ക്ക് സാധിച്ചു.
അസോസിയേഷനുകള്‍ കൂട്ടായ ശ്രമം നടത്തിയാല്‍ റീജിയണ്‍ ശക്തിപ്പെടും. ശക്തമായ റീജിയണുകളാണ് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്. ഈ തത്വം ഏറ്റവും വിജയകരമായ രീതില്‍ പ്രവൃത്തിപഥത്തില്‍ എത്തിച്ചവരാണ് യോര്‍ക്ക്‌ഷെയര്‍ എന്നുള്ളത് 2018 ദേശീയ കലാമേള കൊണ്ട് തെളിഞ്ഞിരിക്കുകയാണ് യോര്‍ക്ക്‌ഷെയര്‍ കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ ഇതുവരെയുള്ള കലാമേള ചരിത്രവും നമ്മള്‍ പരിശോധിക്കേണ്ടതായുണ്ട്.
‘നാഷണല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളൊന്നും പങ്കെടുക്കാനായെത്തിയില്ലെങ്കിലും റീജണല്‍ കലാമേളയെങ്കിലും നടത്തുവാന്‍ സാധിക്കുമോ’ എന്ന ചോദ്യം യുക്മ ദേശീയ നേതൃത്വം റീജനല്‍ ഭാരവാഹികളോട് അപേക്ഷിച്ചു നടന്നിരുന്ന ഒരു ഭൂതകാലം യോര്‍ക്ക്‌ഷെയര്‍ റീജിയണ് ഉണ്ടായിരുന്നു. ഈ റീജിയണില്‍ നിന്നും ഒരാള്‍ പോലും മത്സരിക്കാനെത്താതിരുന്ന ദേശീയ കലാമേളകളായിരുന്നു ആദ്യവര്‍ഷങ്ങളില്‍ നടന്നിരുന്നത്.
ലിവര്‍പൂളില്‍ നടന്ന നാലാമത് ദേശീയ കലാമേളയിലാണ് യോര്‍ക്ക്‌ഷെയര്‍ ഒരു റീജിയണ്‍ എന്ന നിലയില്‍ ആദ്യമായി പങ്കെടുക്കുന്നത്. ആ വര്‍ഷം തന്നെ ശ്രദ്ധേയമായ നിലയില്‍ സാന്നിധ്യം അറിയിക്കുവാന്‍ സാധിച്ച യോര്‍ക്ക്‌ഷെയര്‍ പിന്നീട് ലെസ്റ്റര്‍, ഹണ്ടിംഗ്ടണ്‍ കലാമേളകളിലും നിറസാന്നിധ്യമായിരുന്നു. എന്നാല്‍ പലപ്പോഴും പോയിന്റ് നിലയില്‍ മുന്‍നിര റീജണുകള്‍ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള ശക്തമായ ഒരു പ്രകടനം സാധ്യമായിരുന്നില്ല. 2015 ലെ കലാമേളയില്‍ 51 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ യോര്‍ക്ക്‌ഷെയര്‍ കവ?ന്‍ട്രി 2016 ദേശീയ കലാമേളയില്‍ എല്ലാ മുന്‍നിര റീജണുകളേയും അമ്പരപ്പിച്ച് 89 പോയിന്റ് നേടി മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചുയര്‍ന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. വെറും നാല് പോയിന്റ് നഷ്ടത്തിലാണ് രണ്ടാം സ്ഥാനം അവര്‍ക്കു നഷ്ട്ടമായതു എന്നകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഉറപ്പായിട്ടും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചില മത്സര ഇനങ്ങളില്‍ തിരിച്ചടി നേരിട്ടിരുന്നില്ലെങ്കില്‍ 2016 ദേശീയ കലാമേളയില്‍ റണ്ണേഴ്‌സ് അപ്പ് കിരീടം യോര്‍ക്ക്‌ഷെയര്‍ സ്വന്തമാക്കുമായിരുന്നു.
ഈ റീജിയണിലെ മൂന്ന് അസോസിയേഷനുകള്‍ ചേര്‍ന്നാണ് 125 പോയിന്റ് വാരിക്കൂട്ടിയത്. റീജിയണല്‍ ജേതാക്കളായ ഈസ്‌റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇ.വൈ.സി.ഒ ഹള്‍) 73പോയിന്റും ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (എസ്.കെ.സി.എ) 46 പോയിന്റും, കീത്‌ലി മലയാളി അസ്സോസ്സിയേഷന്‍ (കെ.എം.എ) 5 പോയിന്റും നേടി. ദേശീയ തലത്തില്‍ ഈസ്‌റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇ.വൈ.സി.ഒ ഹള്‍) ചാമ്പ്യനായപ്പോള്‍
ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (എസ്.കെ.സി.എ) മൂന്നാം സ്ഥാനം നേടി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
2017 കലാമേളയില്‍ അസ്സോസ്സിയേഷന്‍ തലത്തില്‍ റണ്ണറപ്പായിക്കൊണ്ട് ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഒരുപടികൂടി മുന്നോട്ട് വെച്ചപ്പോള്‍ നാലാം സ്ഥാനവുമായി ഈസ്‌റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തൊട്ടുപുറകേ ഉണ്ടായിരുന്നു.
ഡോ. ദീപാ ജേക്കബിന്റെയും പ്രസിഡന്റ് ജിബി ജോര്‍ജ്ജിന്റെയും കൃത്യതയാര്‍ന്ന നീക്കങ്ങളാണ് ഇത്രയും മികച്ച നേട്ടം ഈ കലാമേളയില്‍ സ്വന്തമാക്കുന്നതിന് ഇ.വൈ.സി.ഓ യെ സഹായിച്ചത്. യുക്മ സ്റ്റാര്‍ സിംഗറിലെ വിജയിയായ സാന്‍ ജോര്‍ജ്ജ് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും കലാപ്രതിഭയായി കരുത്തും കഴിവും തെളിയിച്ചു.. ബാലഭാസ്‌കര്‍ നഗറില്‍ ധീരജ് ജയകുമാറിന്റെ നേതൃത്വത്തില്‍ ആടിത്തിമിര്‍ത്ത സീനിയര്‍ സിനിമാറ്റിക് ഡാന്‍സ് സദസ്സിലുണ്ടാക്കിയ ആരവം എടുത്തുപറയാതെ വയ്യ. എന്നാല്‍ അന്തരിച്ച ബാലഭാസ്‌കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഡാന്‍സിന്റെ അവസാനഭാഗം സദസ്സിനെ കുറച്ചുനേരത്തേക്ക് മറ്റൊരുലോകത്തേയ്ക്ക് കൊണ്ടുപോയ സ്ഥിതിയിലായി.
റീജിയണല്‍ പ്രസിഡന്റ് കിരണ്‍ സോളമന്റെ നേതൃത്വത്തില്‍ സെക്രട്ടറി ജസ്റ്റിന്‍ എബ്രഹാം, വൈസ് പ്രസിഡന്റ് സിജന്‍ സെബാസ്റ്റിയന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും എസ് കെ സി എ പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേലിന്റെയും സെക്രട്ടറി ജിമ്മി ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റിയും ഒരുമിച്ചു കൂടി കലാമേളയുടെ നടത്തിപ്പിലും അതിന്റെ വിജയത്തിലും പ്രധാനപങ്കുവഹിച്ചു. സ്ഥാനമാനങ്ങളുടെ പുറകെ ഓടി സമയം കളയാതെ ‘സംഘടനയാണ് വലുത് എന്നും അംഗീകരിക്കപ്പെടുന്നവന്റെ പുറകെ സ്ഥാനങ്ങളാണ് ഓടേണ്ടത്’ എന്നും വിശ്വസിക്കുന്ന ഒരുപറ്റം ആളുകളാണ് ഈ റീജിയന്റെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല