കെണിയലകപ്പെട്ടാല്‍ കള്ളന്‍മാര്‍ സഹായത്തിന് ആരെ വിളിയ്ക്കും. സംശയിക്കേണ്ട, പൊലീസിനെ തന്നെ. ദില്ലി നഗരത്തിലാണ് ഇത് തെളിയിക്കുന്ന സംഭവം അരങ്ങേറിയത്. ദില്ലി തിലക് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പലിശക്കാരന്റെ ഫഌറ്റില്‍ മോഷ്ടിയ്ക്കാന്‍ കയറിയ പെരുങ്കള്ളന്‍മാരാണ് പൊലീസിനെ വിളിച്ചുവരുത്തി സ്വന്തം തടി രക്ഷിച്ചത്.
തിലക് നഗറിലെ ഡിഡിഎ ഫ്‌ളാറ്റിലെ താസക്കാരനായ പലിശക്കാരന്‍ ചരഞ്ജിത്ത് സിങിന്റെ വീട്ടിലാണ് കള്ളന്‍മാര്‍ മോഷണത്തിന് കയറിയത്. ഒരു വിവാഹത്തിന് പങ്കെടുക്കുന്നതിനായി സിങും കുടുംബവുമില്ലാതിരുന്ന നേരത്തായിരുന്നു മോഷണം.
ചിലപ്പോള്‍ വരാന്‍ വൈകുമെന്നും അല്ലെങ്കില്‍ പിറ്റേന്ന് എത്തുകയുള്ളൂവെന്നും അയല്‍ക്കാരെ അറിയിച്ചാണ് സിങും കുടുംബവും സ്ഥലംവിട്ടത്. പലിശക്കാരന്റെ വീട്ടില്‍ പൂത്ത പണം കാണുമെന്ന് ഊഹിച്ച മൂന്നംഗ മോഷണസംഘം വലിയ കഷ്ടപ്പാടില്ലാതെ ഫഌറ്റിനുള്ളില്‍ കയറിപ്പറ്റി.
മോഷ്ടിച്ച സാധനങ്ങള്‍ തകൃതിയായി ചാക്കിലാക്കുന്നതിനിടെയാണ് കഷ്ടകാലത്തിന് കള്ളന്‍മാര്‍ കയറിയ വിവരം ഫഌറ്റിലെ മറ്റു താമസക്കാര്‍ അറിഞ്ഞത്. റൂമിന് പുറത്തായി 250ഓളം പേര്‍ കത്തിയും വടിയുമായി തടിച്ചുകൂടിയതോടെ പുറത്തിറങ്ങിയാല്‍ വിവരമറിയുമെന്ന് മൂവര്‍സംഘത്തിന് മനസ്സിലായി. അങ്ങനെ കള്ളന്മാരില്‍ ഒരാളാണ് കൈയ്യിലുള്ള മൊബൈലിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി തടി കേടാവാതെ മൂന്ന് പേരെയും രക്ഷപ്പെടുത്തി, പിന്നെ അറസ്റ്റും ചെയ്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല