ആശുപത്രിയില്‍ കഴിയുന്ന താരരാജാവിന്റെ ആരോഗ്യനിലയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് ആരാധകരെ അറിയിക്കാനുള്ള മരുമകന്റെ ശ്രമം വിവാദമായി. അസുഖബാധിതനായി പൊരൂരിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനികാന്തും, മകള്‍ ഐശ്വര്യയും ആശുപത്രിയില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം മരുമകനും നടനുമായ ധനുഷാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ചിത്രം ശ്രീരാമചന്ദ്ര ആശുപത്രിയില്‍ വച്ച് എടുത്തതെന്നായിരുന്നു ധനുഷിന്റെ വാദം. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് നേരത്തേ ഇസബെല്ല ആശുപത്രിയില്‍ കഴിയുമ്പോഴുള്ള പടമാണിതെന്നും ആരാധകരെ ധനുഷ് വിഡ്ഢികളാക്കുകയായിരുന്നെന്നുമുളള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ചിത്രം വിവാദമായതോടെ തന്റെ മൊബൈല്‍ ഫോണില്‍ ഈ ചിത്രം മാത്രമേയുള്ളൂവെന്നും കൂടുതല്‍ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യാമെന്നുമുള്ള വിശദീകരണവുമായി ധനുഷും രംഗത്തെത്തി. ചിത്രത്തില്‍ കാണുന്ന മുറിയുടെ ഭിത്തിയില്‍ കന്യാമറിയത്തിന്റെ പടമാണുള്ളത്. ഇതാണ് ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ച് ആദ്യം സംശയം ജനിപ്പിച്ചത്.
ഇതേച്ചൊല്ലി ആരാധകര്‍ ബഹളമുണ്ടാക്കിത്തുടങ്ങിയതോടെയാണ് ധനുഷ് വീണ്ടും ട്വീറ്റ് ചെയ്തത്. രജനീകാന്ത് സുഖം പ്രാപിച്ചു വരികയാണെന്നും ആരാധകരുടെ ആശങ്കയകറ്റാന്‍ മാത്രമാണു താന്‍ ചിത്രം ട്വിറ്ററില്‍ ഇട്ടതെന്നുമാണ് ധനുഷ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല