സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില മോശമായി തുടരുന്നതില്‍ നിരാശയടഞ്ഞ ആരാധകന്‍ തൂങ്ങിമരിച്ചു. രജനിയെ പറ്റി എന്തെങ്കിലും മോശം വാര്‍ത്ത അറിയേണ്ടിവരുമെന്നും അത് താങ്ങാന്‍ തനിക്ക് കഴിയില്ലെന്നും ഒരു സുഹൃത്തിനെ അറിയിച്ചിട്ടാണ് ആരാധകന്‍ ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ ഊത്തുക്കോട്ടയ്ക്ക് അരികിലുള്ള പാല്‍റെട്ടി കണ്ടികൈ എന്ന ഗ്രാമത്തിലെ രജനി വെങ്കിടേശനാണ് (29) വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ രജനി ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു രജനി വെങ്കിടേശന്‍.
രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞത് തൊട്ട് ഊണും ഉറക്കവും ഇല്ലാതെ സദാസമയവും ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു രജനി വെങ്കിടേശനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രജനിയോടുള്ള ആരാധന മൂത്താണ് ‘വെങ്കിടേശന്‍’ എന്ന സ്വന്തം പേരിന് മുമ്പില്‍ ‘രജനി’ എന്നുകൂടി ഇയാള്‍ ചേര്‍ത്തത്. രജനിക്ക് ശ്വാസകോശ അര്‍ബുദമാണെന്നും വൃക്കയ്ക്കും ഹൃദയത്തിനും തകരാറുണ്ടെന്നും ഉള്ള വാര്‍ത്തകല്‍ പ്രചരിച്ചതോടെ വെങ്കിടേശന്‍ കൂടുതല്‍ അസ്വസ്ഥനായി.
മരിക്കുന്നതിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് വെങ്കിടേശന്‍ മൊബൈലില്‍ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. “രജനി ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. രജനിയെ പറ്റിയുള്ള ആ മോശം വാര്‍ത്ത കേള്‍ക്കാന്‍ എനിക്ക് ആകില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് ആലോചിക്കുകയാണ് ഞാന്‍” എന്നാണ് വെങ്കിടേശന്‍ തന്നോട് പറഞ്ഞതെന്ന് സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആശ്വസിപ്പിക്കാന്‍ സുഹൃത്ത് ശ്രമിച്ചെങ്കിലും വെങ്കിടേശന്‍ ഫോണ്‍ കട്ടുചെയ്തു. തുടര്‍ന്ന് രാത്രിയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വെങ്കിടേശന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല