1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് ( BAWN ) തങ്ങളുടെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷം, ബ്രെസ്റ്റ് ക്യാന്‍സര്‍ സഹായ നിധി സമാഹരണവുമായി മികച്ച മാതൃക കാട്ടി.മികവുറ്റ കലാ പരിപാടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ‘ബോണ്‍’ ന്റെ പിങ്ക് ജന്മ ദിനാഘോഷം അവിസ്മരണീയം ആയി.

അര്‍ബ്ബുദ രോഗം വേര്‍പ്പെടുത്തിയ സ്‌നേഹ മനസ്സുകളുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചു 2 പിങ്ക് മെഴുകു തിരികള്‍ ഈസ്റ്റ് ഹാം എം.പി സ്റ്റീഫന്‍ ടിംസിനോടൊപ്പം ചേര്‍ന്ന് കൊച്ചു ബാലികമാര്‍ കത്തിച്ചു കൊണ്ട് ബോണിന്റെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷത്തിന് നാന്ദി കുറിക്കപ്പെട്ടു.പുഷ്പാലംകൃത പിങ്ക് തുണി വിരിച്ച പീടത്തില്‍ പിങ്ക് മെഴുതിരികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തെളിച്ചു കൊണ്ട് മണ്‍മറഞ്ഞു പോയ സോദരരെ അനുസ്മരിച്ചു ആദരം അര്‍പ്പിച്ചു. തഥവസരത്തില്‍ ദുംഖം തളം കെട്ടിയ മനസ്സുകളുമായി സദസ്സ്യര്‍ എഴുന്നേറ്റു നിന്ന് ക്യാന്‍സര്‍ എന്ന മഹാ വിപത്ത് തുടച്ചു മാറ്റപ്പെടുവാന്‍ മൌന പ്രാര്‍ത്ഥന നടത്തുകയായിരുന്നു.

സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മാനിച്ചു ബോണ്‍ മെംബര്‍ സിസിലി ജേക്കബിനെ തഥവസരത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രമുഖ സാഹിത്യകാരിയും, കലാകാരിയും മികച്ച സാമൂഹ്യ പ്രവര്‍ത്തകയും അദ്ധ്യാപികയും ആയ സിസിലി ജേക്കബ് ഈ വര്‍ഷത്തെ ബോണിന്റെ ‘വോളണ്ടിയര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അന്നേദിവസം തുടക്കത്തില്‍ നടന്ന വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍ ഫൗണ്ടറും ചെയര്‍ പേഴ്‌സനുമായ ഡോ. ഓമന ഗംഗാധരന്‍ അദ്ധ്യക്ഷം വഹിച്ചു.മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം യോഗം ചെയര്‍ പെഴ്‌സണായി ഡോ. ഓമന ഗംഗാധരനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറിയായി നിഷ്യാ മുരളിയെയും, ഖജാന്‍ജിയായി എലിസബത്ത് സ്റ്റാന്‍ലിയെയും അടക്കം പതിനൊന്നംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ യോഗം വരുന്ന ഒരു വര്‍ഷത്തേക്ക് ഉള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന ജന്മ ദിന സമ്മേളനത്തില്‍ സംഘടനയുടെ ഡോ. ഓമന ഗംഗാധരന്‍ അദ്ധ്യക്ഷം വഹിച്ചു. ‘BAWN’ എന്ന സംഘടനയിലൂടെ ബ്രിട്ടനിലുള്ള ഏഷ്യന്‍ വനിതകളുടെ ആരോഗ്യ,സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളില്‍ ഇതുവരെ ചെയ്ത പരിപാടികളും, ഭാവി പ്രവര്‍ത്തന പദ്ധതികളും അദ്ധ്യക്ഷ വിശദമാക്കി.പൊതു വേദികളില്‍ വനിതകളുടെഅനിവാര്യമായ അവകാശ ശബ്ദമായി ‘ബോണ്‍’ ഉയര്‍ന്നു വരും എന്നും ഡോ.ഓമന അവകാശപ്പെട്ടു.

മുന്‍ ക്യാബിനെറ്റ് മന്ത്രിയും, ഈസ്റ്റ് ഹാം MP യുമായ സ്റ്റീഫന്‍ ടിംസ് മുഖ്യാതിതിയായിരുന്നു.വനിതകള്‍ ഭൂരിപക്ഷം ഉള്ള ഇംഗ്‌ളണ്ടില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നേടിയെടുക്കുവാന്‍ ഇത്തരം കൂട്ടായ്മ്മകളുടെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.വനിതാ ശാക്തീകാരനത്തിന്റെ അനിവാര്യത എം.പി ഉയര്‍ത്തിക്കാണിച്ചു. ‘ബോണ്‍’ ന്റെ വളര്‍ച്ച സമ്പന്നമായ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതിനും,വനിതകളുടെ ഉന്നമനത്തിനും,അവകാശങ്ങള്‍ നേടുന്നതിനും ഭാവിയില്‍ മുതല്‍ക്കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബ്രെസ്റ്റ് ക്യാന്‍സര്‍ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സുമായി ചേര്‍ന്നാണ് ബോണ്‍ കാരുണ്യ നിധി സമാഹരിച്ചത്. സൌത്ത് ഇന്ത്യന്‍ ബാങ്ക്, യു.ഏ.ഇ എക്‌സ്‌ചേഞ്ച്, ജോയ് ആലുക്കാസ്,സ്വയം പ്രോപ്പര്‍ട്ടി തുടങ്ങിയ സ്‌പോണ്‍സര്‍മാരും ക്യാന്‍സര്‍ സഹായ നിധിക്കായി സഹായം നല്‍കിയിരുന്നു.റാഫിള്‍,ലേലം തുടങ്ങിയവ നടത്തിക്കൊണ്ടാണ് ബോണ്‍ സഹായ നിധി പ്രധാനമായും സമാഹരിച്ചത്.

മികവുറ്റ കലാപരിപാടികളും ഉണ്ടായിരുന്നു.നിഷ്യാ മുരളിയുടെ നന്ദി പ്രകടനത്തോടെ ബോണ്‍ പിങ്ക് ജന്മ ദിനാഘോഷം സമാപിച്ചു. ബ്രിട്ടനിലുള്ള 18 വയസ്സിനു മുകളില്‍ പ്രായം ആയ ഏതൊരു വനിതക്കും ‘BAWN’ ല്‍ മെംബര്‍ഷിപ്പ് ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.