രണ്ടാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ ഇന്ന് ബിര്‍മിംഗ്ഹാമില്‍ നടക്കും.ബര്‍മിങ്ഹാം സിറ്റിസെന്ററിനടത്തുള്ള സെന്റ് കാതറീന്‍സ് കത്തോലിക്ക പള്ളിയില്‍ വച്ച് രാവിലെ 8മണിമുതല്‍ വൈകിട്ട് 7മണി വരെയാണ് പരിപാടികള്‍.
കണ്‍ വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിര്‍മിംഗ് ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒത്തു കൂടുന്നത്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ഇരിങ്ങാലക്കുട രൂപത ബിഷപ്പ്മാര്‍ പോളി കണ്ണര്‍ക്കാരന്‍ പങ്കെടുക്കും. കൂടാതെ മുന്‍ ചാപ്ലിനായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ടിന്റെ സാന്നിധ്യവും വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണ്. ബര്‍മിങ്ഹാം അതിരൂപതാ ബിഷപ്പും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
മുന്‍ ചാപ്ലിനായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് അടിത്തറയിട്ട് വളര്‍ത്തിയ സീറോ മലബാര്‍ സഭാ സമൂഹം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പോടെ വിശ്വാസ തീഷ്ണതയില്‍ മുന്നേറുകയാണ്.ഇപ്പോള്‍ ബര്‍മിങ്ഹാം അതിരൂപതയുടെ പ്രവര്‍ത്തന പരിധിയില്‍ സീറോ മലബാര്‍ സഭയ്ക്ക് പന്ത്രണ്ട് യൂണിറ്റുകളുണ്ട്. ഓരോ യൂണിറ്റും മിനി ഇടവകകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഓരോ യൂണിറ്റിനും പള്ളികമ്മിറ്റി, വിശുദ്ധ കുര്‍ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍, വേദപാഠം പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ മറ്റ് അധ്യാത്മിക വളര്‍ച്ചയ്ക്ക് വേണ്ട വിവിധ കാര്യങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.
സ്റ്റെച്ച് ഫോര്‍ഡ്, വാംലി, വാല്‍സാല്‍, വോള്‍വര്‍ഹാമ്പ്ടന്‍ , സ്‌റ്റോക്ക് ഓണ്‍ട്രെന്റ്, ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്, നനീട്ടണ്‍, കവന്‍ട്രി, റെഡിച്ച്, നോര്‍ത്ത് ഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, വൂസ്റ്റര്‍ എന്നിവയാണ് സെന്ററുകള്‍. എല്ലാ സെന്ററുകളിലും എല്ലാമാസവും മലയാളം കുര്‍ബാനയും വിശ്വാസ പരിശീലവും, മറ്റ് ധ്യാന പരിപാടികളും, നടക്കുന്നുണ്ട്.
പന്ത്രണ്ട് സെന്ററുകളിലെയും വിശ്വാസികള്‍ക്ക് ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതിനും കുട്ടികള്‍ക്ക് അവരുടെ അധ്യാത്മിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള ഒരു വേദി കൂടിയായിട്ടാണ് കണ്‍വെന്‍ഷനെ കാണുന്നത്. ഇംഗ്ലണ്ടില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സീറോമലബാര്‍ സഭാ മക്കള്‍ക്ക് ഒത്തുകൂടുന്നതിനും പ്രാര്‍ത്ഥന കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും സാധിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ക്രമമായി സംഘടിപ്പിക്കുന്നത്.വിശുദ്ധ കുര്‍ബാന ,വചന സന്ദേശം,ബൈബിള്‍ അടിസ്ഥാനത്തില്‍ ഒരുക്കിയ വിവിധ കലാ ശില്‍പ്പങ്ങള്‍,കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല