ഏപ്രില്‍ 29ലെ വില്യം രാജകുമാരന്റേയും കെയ്റ്റ് മിഡില്‍ടണിന്റേയും രാജകീയ വിവാഹം ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബ്രിട്ടന്‍. ഈയവസരം മുതലാക്കി പണകൊയ്യാനാണ് പലരുടേയും നീക്കം. വിവാഹറാലി പോകുന്ന വഴിയിലെ കെട്ടിടങ്ങളും ബാല്‍ക്കണികളും ഉയര്‍ന്ന വിലയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ വിവാഹച്ചടങ്ങുകള്‍ കാണാന്‍ പറ്റിയ സ്ഥലത്തിന് ഒരുലക്ഷം പൗണ്ടുവരെ വിലയീടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റൂഫ്‌ടോപ്പ്, ബാല്‍ക്കണി, ബാന്‍കെറ്റിംഗ് സ്യൂട്ട് എന്നിവയെല്ലാം ഈ രീതിയില്‍ വില്‍ക്കുന്നുണ്ട്. മികച്ച രീതിയില്‍ വില്യമിനേയും മിഡില്‍ടണിനെയും അവരുടെ വിവാഹച്ചടങ്ങുകളും കാണാമെന്നുള്ളതാണ് പണംനല്‍കി സ്ഥലം നേടിയാലുള്ള ഗുണം.
ബിസിനസുകാര്‍, മതസ്ഥാപനങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തന്നെ സ്ഥലം വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ ആബിക്കടുത്ത ദേവാലയമാണ് വിവാഹത്തിന്റെ മികച്ച ദൃശ്യം നല്‍കുന്ന പ്രധാന സ്ഥലം. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചപ്പെട്ടതെന്ന് കരുതുന്ന ഗോത്തിക് കെട്ടിടത്തിന്റെ ഒമ്പതു റൂമുകള്‍ക്കും നാല് ബാല്‍ക്കണികള്‍ക്കും ഒരു ലക്ഷം പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഇതിനടുത്തുള്ള ഇറാനിയന്‍ ഓയില്‍ കമ്പനി അതിന്റെ രണ്ട് ഓഫീസുകളാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുലക്ഷം പൗണ്ടിനും മുകളില്‍ ഈടാക്കുന്ന കെട്ടിടങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുക പുറത്തുവിട്ടിട്ടില്ല. മുന്‍പും ഇതുപോലെയുള്ള വിശേഷാവസരങ്ങള്‍ നടന്നപ്പോള്‍ ഉടമകള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല