ലണ്ടന്‍: വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണും തമ്മിലുള്ള വിവാഹം നാട്ടുകാര്‍ക്ക് ആഘോഷമാക്കാനായി വിവാഹദിനമായ ഏപ്രില്‍ 29നും അടുത്ത ദിവസവും പബുകള്‍ രാത്രി ഒരുമണിവരെ തുറന്നുവയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്കി.
രാജവിവാഹം ജനം നന്നായി ആഘോഷിക്കട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ ദിനത്തില്‍ പബുകള്‍ അര്‍ദ്ധ രാത്രി പിന്നിട്ടും തുറന്നുവയ്ക്കാന്‍ പ്രത്യേക അനുമതി തേടേണ്ടതില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
വിവാഹ നാളുകളില്‍ യുകെയിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കുമെന്നാണ് പ്രതീക്ഷ. തകര്‍ന്നുതരിപ്പണമായ സമ്പദ്‌വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിനോദസഞ്ചാരികളുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ വരുന്നവര്‍ക്ക് കുടിച്ചുകൂത്താടാന്‍ കൂടിയാണ് പബുകളും ബാറുകളും തുറന്നുവയ്ക്കുന്നത്.
ഇതേസമയം, വിവാഹം കലക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി നേരത്തേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. തൊഴിലാളി യൂണിയനുകളും ഈ ദിനത്തില്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.
വിവാഹം 2011 ഏപ്രില്‍ 29 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ്. ബ്രിട്ടന്റെ പ്രിയപ്പെട്ട രാജകുമാരന്റെ വിവാഹദിനം ദേശീയ അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാഹച്ചെലവെല്ലാം കൊട്ടാരവും മിഡില്‍ടണ്‍ കുടുംബവും വഹിക്കും. എന്നാല്‍, രാജകീയ വിവാഹത്തിന് സുരക്ഷ ഒരുക്കാനുള്ള ചെലവ് പൊതുഖജനാവില്‍നിന്ന് ചെലവിടേണ്ടിവരും.
വില്യമിന്റെ മുത്തശ്ശിയുടെയും മുതുമുത്തശ്ശിയുടെയും വിവാഹം നടന്നത് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലായിരുന്നു. 1997ല്‍ വില്യമിന്റെ അമ്മ ഡയാനയുടെ അന്ത്യയാത്രാ ശുശ്രൂഷയും ഇവിടെയായിരുന്നു.
ആയിരത്താണ്ടിന്റെ ചരിത്രമുള്ള വെസ്റ്റ്മിനിസ്റ്റര്‍ ആബി വിവാഹവേദിയായി ദമ്പതികള്‍ തിരഞ്ഞെടുത്തത് ദേവാലയത്തോടുള്ള ആത്മബന്ധം കൊണ്ടു മാത്രമാണെന്ന് വില്യമിന്റെ പ്രൈവറ്റ് സെക്രട്ടറി ജാമി ലോതര്‍-പിന്‍കിംഗ്ടണ്‍ പറഞ്ഞു. ദേവാലയത്തിന്റെ വലുപ്പം പരിഗണിച്ചല്ല വേദി തീരുമാനിച്ചതെന്നും പിന്‍കിംഗ്ടണ്‍ വ്യക്തമാക്കി.
വിവാഹത്തീയതി ദേശീയ അവധിയായത് ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തിനും സന്തോഷം നല്കുന്നു. ശനിയാഴ്ച ഒരു ലീവ് തരപ്പെടുത്തിയാല്‍ ഞായറും തുടര്‍ന്ന് തിങ്കള്‍ ഈസ്റ്റര്‍ അവധിയും ഒരുമിച്ചു കിട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല