സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല, തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര് ഈ നിലപാടിനെ പിന്തുണച്ചപ്പോള്‍ മറ്റു രണ്ട് പേര് വിയോജിപ്പ് പ്രകടിപ്പിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയ കേസില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ശിക്ഷാ ഇളവ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ വിഷയത്തില്‍ തമിഴ്നാടിന് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.
വിഷയം മൂന്നംഗ ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളെ മാപ്പു നല്കി വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ശിക്ഷ ഒഴിവാക്കണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. നേരത്തെ ദയാഹരജി തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഇവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. ഇവര്‍ക്ക് രാജീവ് വധത്തില്‍ സുപ്രധാന പങ്കുണ്ടെന്നും വിടേണ്ടതില്ലെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്.
ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, എഫ്.എം.ഐ ഖാലിഫുല്ല, അഭയ് മനോഹര്‍ സാപ്രെ, യു.യു ലളിത് എന്നിവരടങ്ങിയ ഭരണണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല