1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

സ്വന്തം ലേഖകന്‍: രൂപമാറ്റം വരുത്തിയ ബൈക്കുമായി വിലസിയാല്‍ പിടി വീഴും, ഹൈക്കോടതി ഉത്തരവ്. നിര്‍മാതാക്കള്‍ പുറത്തിറക്കിയ ബൈക്കില്‍ വീണ്ടും കാശു മുടക്കി മാറ്റം വരുത്തി നിരത്തിലിറക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സൈലന്‍സറും ഹാന്‍ഡ്‌ലും മഡ്ഗാര്‍ഡും സാരി ഗാര്‍ഡുമടക്കം മാറ്റം വരുത്തുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കമെന്നും ഉത്തരവില്‍ പറയുന്നു.

വാഹനഘടനയില്‍ മാറ്റം വരുത്തുന്നത് സംതുലനാവസ്ഥയെ ബാധിക്കുന്നതായും അപകടത്തിനും ശബ്ദ മലിനീകരണത്തിനും കാരണമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഘടനാമാറ്റം വരുത്തിയെന്നാരോപിച്ച് പിടികൂടിയ ബൈക്കിന്റെ ആര്‍.സി ബുക് അടക്കം പിടിച്ചെടുത്ത വാഹന വകുപ്പ് അധികൃതരുടെ നടപടി ചോദ്യംചെയ്ത് കടവന്ത്ര സ്വദേശി ഫ്രാന്‍സിസ് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ബൈക്ക് വാങ്ങുന്നവര്‍ ഇഷ്ടമനുസരിച്ച് ഘടനയില്‍ മാറ്റം വരുത്തുന്നത് നിയമ വിരുദ്ധമാണ്. ഈ പ്രവൃത്തിയിലൂടെ പൊതുജനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ശബ്ദം കുറക്കാനാണ് സൈലന്‍സറുകള്‍ ബൈക്കുകളില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍, ഇത് മാറ്റി കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലന്‍സറുകള്‍ ഘടിപ്പിക്കുകയാണ്. ഇത് മോട്ടാര്‍ വാഹന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. കമ്പനി ഘടിപ്പിച്ച ഹാന്‍ഡ്ല്‍ മാറ്റി ട്യൂബ് പോലുള്ള ചെറിയ ഹാന്‍ഡില്‍ ബാര്‍ സ്ഥാപിക്കുന്നത് വാഹനത്തിന്റെ സമതുലിതാവസ്ഥ ഇല്ലാതാക്കും.

ഇത്തരം ചട്ടലംഘനം കണ്ടത്തെിയാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. സാധാരണ ലൈറ്റ് മാറ്റി തിളങ്ങുന്നത് സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.