ലണ്ടന്‍: രോഗിയോട് ദൈവത്തെക്കുറിച്ച് സംസാരിച്ച കുടുംബ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് സ്കോട്ടിന് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ താക്കീത്. ക്രിസ്തുമതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇയാള്‍ തന്റെ മതപരമായ വിശ്വാസങ്ങള്‍ രോഗിയുമായി ചര്‍ച്ച ചെയ്തതുവഴി തന്റെ പദവിയുടെ മാന്യത കളഞ്ഞുകുളിച്ചു എന്ന് കണ്ടെത്തിയാണ് നടപടി. എന്നാല്‍ ഇയാള്‍ ഈ മുന്നറിയിപ്പ് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കൗണ്‍സിലിനോട് നിയമപരമായി മുന്നോട്ടുപോകാനാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.
തന്റെ മകനുമേല്‍ മതവിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക വഴി ഡോക്ടര്‍ തന്റെ ജോലിയുടെ മാന്യത തകര്‍ത്തെന്ന് രോഗിയുടെ അമ്മ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഔദ്യോഗകിമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് താന്‍ രോഗിക്ക് മതകാര്യങ്ങള്‍ പറഞ്ഞുകൊടുത്തതെന്നും അവര്‍ സംഭാഷണം അവസാനിപ്പിക്കാനാവശ്യപ്പെട്ടശേഷം താനൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഡോക്ടര്‍ വാദിക്കുന്നത്.
രോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും ചര്‍ച്ചചെയ്തശേഷം മാത്രമാണ് സംഭാഷണം മതപരമായ കാര്യങ്ങളിലേക്ക് നീങ്ങിയത്. അയാള്‍ തന്റെ പ്രശ്നം തീര്‍ത്തും ചികിത്സാസംബന്ധമാണെന്ന് മാത്രമാണ് കരുതിയത്. എന്നാല്‍ ചികിത്സാസംബന്ധമായതിനേക്കാള് കൂടുതലാണ് പ്രശ്നമെന്ന് താന്‍ അയാളെ ബോധ്യപ്പെടുത്തുകയായിരുന്നെന്നും ഡോ. സ്കോട്ട് പറഞ്ഞു.
2010 മുതല്‍ സ്കോട്ടിന്റെ ചികിത്സയിലായിരുന്നു ഈ രോഗി. 50കാരനായ സ്കോട്ട് ബെത്തസ്ഡ് മെഡിക്കല്‍ സെന്ററില്‍ 28 വര്‍ഷമായി പ്രാക്ടീസ് നടത്തുകയാണ്.
മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളിയും മുതലാളിയും തമ്മില്‍ പ്രശ്നമുണ്ടാവുന്നത് ഇതാദ്യമല്ല. ഇതിനുമുമ്പ് വാനില്‍ കുരിശ് തൂക്കിയിട്ടതിന് ഇലക്ട്രീഷ്യനെതിരെ മേലുദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ രോഗിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തിയ നഴ്സിനും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല