അര്‍ജന്‍റൈന്‍ താരം ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍റെ ഹാട്രിക്കിന്‍റെ പിന്‍ബലത്തില്‍ സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് മികച്ച ജയം. എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു അവര്‍. മോശം പ്രകടനം തുടരുന്ന സ്പോര്‍ട്ടിങ് ഗിജോണിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ തട്ടിമുട്ടി ജയം നേടിയ ബാഴ്സലോണ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും പോയിന്‍റുള്ള ലെവന്‍റെ ഗോള്‍ ഡിഫറന്‍സില്‍ രണ്ടാം സ്ഥാനത്ത്. ഒരു പോയിന്‍റ് കുറവുള്ള റയല്‍ മൂന്നാം സ്ഥാനത്തും. മലഗ, വലന്‍സിയ എന്നീ ടീമുകള്‍ക്കും 13 പോയിന്‍റ് വീതം.
സെസ്ക് ഫാബ്രെഗസ്, ആന്ദ്രെ ഇനിയെസ്റ്റ, ജെറാര്‍ഡ് പിക്വെ, കാര്‍ലോസ് പുയോള്‍ എന്നിവരെ പുറത്തിറക്കി മത്സരിക്കാനിറങ്ങിയ ബാഴ്സയ്ക്കായി വിജയഗോള്‍ നേടിയത് അഡ്രിയാനൊ. 14 പോയിന്‍റാണ് അവര്‍ക്ക്. റയല്‍ സോസിഡാഡ്, വലന്‍സിയ എന്നീ ടീമുകളോട് കഴിഞ്ഞ മത്സരങ്ങളില്‍ സമനിലയില്‍ കുടുങ്ങിയിരുന്നു നിലവിലുള്ള ചാംപ്യന്‍മാരായ ബാഴ്സ. 11 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് അഡ്രിയാനൊ ലക്ഷ്യം കണ്ടത്. സാവി ഹെര്‍ണാന്‍ഡസിന്‍റെ റീബൗണ്ട് ചെയ്ത് വന്ന ഗോള്‍ ഷോട്ട് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു അഡ്രിയാനൊ.
മോശം ഫോമിനു ശേഷം താളം കണ്ടെത്തിയ റയല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ചു. മൂന്നാം മിനിറ്റില്‍ മുന്നിലെത്താനുള്ള അവസരം റയലിന് ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 17ാം മിനിറ്റില്‍ റോണോയുടെ പാസില്‍ നിന്ന് ഹിഗ്വെയ്ന്‍ സ്കോര്‍ ചെയ്തതോടെ അവര്‍ക്ക് ലീഡ്.
രണ്ടാം പകുതി ആരംഭിച്ച ശേഷം ഹിഗ്വെയ്ന്‍ ലീഡ് വര്‍ധിപ്പിച്ചു. എസ്പാന്യോളിന്‍റെ മുന്‍താരം ഹൊസെ കല്ലെജോണ്‍ റയലിനായി മൂന്നാം ഗോളും വലയിലെത്തിച്ചു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കുമ്പോഴായിരുന്നു ഹിഗ്വെയ്ന്‍റെ ഹാട്രിക് ഗോള്‍. മറ്റ് മത്സരഫലങ്ങള്‍: ലെവന്‍റെ 1 – 0 റയല്‍ ബെറ്റിസ്, അത്ലറ്റിക്കൊ മാഡ്രിഡ് 0 – 0 സെവിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല