റിപ്പബ്ലിക് ദിന പരേഡിന് തന്നെ ക്ഷണിച്ചില്ലെന്ന അരവിന്ദ് കേജ്‌രിവാളിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയാണ് കേജ്‌രിവാൾ.
അതേ സമയം ഡൽഹി മന്ത്രിസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കിരൺ ബേദി ചടങ്ങിന്റെ മുൻനനിരയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബമ മുഖ്യാതിഥിയായതിനാൽ സുരക്ഷാ കാരണങ്ങൾക്കൊണ്ട് പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം ഉണ്ടായിരുന്നത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തന്നെ ക്ഷണിച്ചില്ലെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷത്തെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി അംഗങ്ങൾ കിഴക്കൻ ഡൽഹിക്കടുത്തുള്ള കൗശാംബിയിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അതിനിടെ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.
എന്നാൽ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാഷ്ട്രീയം കലർത്തിയില്ല എന്നും ഇപ്പോഴത്തെ വിവാദങ്ങൾ അനാവശ്യം ആണെന്നുമാണ് ബിജെപി നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല