ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്നത്തെ അവസ്ഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസ് ഒരു തിരക്കഥയായി എഴുതിയിരുന്നു!
അതിശയിക്കേണ്ട, ലോഹിതദാസിന്റെ പ്രശസ്തമായ തിരക്കഥകളില്‍ ഒന്നായ ദശരഥത്തിന്റെ കഥ പോര്‍ട്ടുഗീസ് ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി ഭവിക്കുകയാണ്.
ലോഹിയുടെ തിരക്കഥയില്‍ പറയുന്നത് ഫുട്‌ബോള്‍ താരമായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ഗര്‍ഭപാത്രം വില്‍ക്കുന്ന സ്ത്രീയുടെ കഥയാണല്ലോ. കൃത്രിമ ബീജസങ്കലനത്തിലൂടെ വയറ്റിലെത്തുന്ന കുഞ്ഞിനെ ശപിക്കുന്ന അവള്‍ പക്ഷേ, പ്രസവിച്ചുകഴിയുന്നതോടെ ആളാകെ മാറുന്നു. അമ്മയായി മാറിയ അവള്‍ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നു. ഒടുവില്‍ രാജീവ് മേനോന്‍ (മോഹന്‍ലാല്‍) എന്ന കോടീശ്വരനായ ബിസിനസുകാരന്‍ കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്കു തന്നെ വിട്ടുകൊടുത്തു നിരാശനായി തിരിച്ചുപോകുന്നു.
25കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രഹസ്യമായി ഒരു യുവതിയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു. യുവതിക്ക് പത്തു ദശലക്ഷം പൗണ്ടായിരുന്നു റൊണാള്‍ഡോ പ്രതിഫലമായി കൊടുത്തത്. ഒരിക്കലും കുഞ്ഞിനെ തേടി വരികയോ മാതൃത്വം അവകാശപ്പെടുകയോ ചെയ്യരുതെന്നായിരുന്നു ഉപാധി.
ഏതാനും മാസം മുന്‍പായിരുന്നു താന്‍ അച്ഛനായ വിവരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകത്തെ അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ കുഞ്ഞിനെ തിരിച്ചുവേണമെന്നാണ് ഇരുപതുകാരിയായ അമ്മയുടെ ആവശ്യം. കൊടുത്ത പണമെല്ലാം തിരിച്ചുകൊടുക്കാം, കുഞ്ഞിനെ മാത്രം കിട്ടിയാല്‍ മതിയെന്നാണ് യുവതിയുടെ അഭ്യര്‍ത്ഥന.
എന്നാല്‍, കുഞ്ഞിനെ ഒഴികെ എന്തും ചോദിക്കൂ എന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്. യുവതി റൊണാള്‍ഡോയെ ഫോണില്‍ വിളിച്ച് പലകുറി പൊട്ടിക്കരഞ്ഞത്രേ. സ്വന്തം മനസ്‌സാക്ഷിയെ തന്നെ വിറ്റതായാണ് യുവതിയുടെ സങ്കടം.
യുവതിയുടെ സങ്കടത്തിനു മുന്നില്‍ റൊണാള്‍ഡോയ്ക്കു മനസ്‌സലിയുമോ? റൊണാള്‍ഡോ ഒരു രാജീവ് മേനോന്‍ ആവുമോ? കാത്തിരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല