1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

കൊളംബോ: നാലാമത് ട്വന്റി20 ലോകകപ്പില്‍ നല്ലൊരു തുടക്കം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലൊന്നില്‍ വിജയിച്ചാല്‍ തന്നെ സൂപ്പര്‍ എട്ടില്‍ ഇടംപിടിക്കാമെന്നതിനാല്‍ ദുര്‍ബലര്‍ക്കെതിരെ വിജയംനേടി റിസ്‌ക് ഒഴിവാക്കാനാണ് ധോണിയും കൂട്ടരും ശ്രമിക്കുന്നത്. അടുത്ത ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യറൗണ്ടിലെ രണ്ടാം മത്സരം.

വരാനിരിക്കുന്ന വമ്പന്‍ പോരാട്ടങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം. ഇത്തവണ രണ്ട് സന്നാഹ മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും ഒന്നില്‍ വിജയിക്കുകയും ചെയ്ത ഇന്ത്യയ്ക്ക് കിരീടം നേടുന്നതിന് സൂപ്പര്‍ എട്ടില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ആദ്യ സന്നാഹമത്സരത്തില്‍ ശ്രീലങ്കയെ 26 റണ്ണിന് കീഴ്‌പ്പെടുത്തിയിരുന്ന ഇന്ത്യയെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചത് ആരാധകരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ 185/3 എന്ന മികച്ച സ്‌കോര്‍ നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്. ലക്ഷ്യബോധം നഷ്ടപ്പെട്ട ബൗളിംഗാണ് ഇന്ത്യയ്ക്ക് വിനയായത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്ന ഇര്‍ഫാന്‍ പാകിസ്ഥാനെതിരെ 19 പന്തില്‍ 40 റണ്ണാണ് നല്‍കിയത്. സഹീര്‍ മൂന്നോവറില്‍ 31 റണ്ണും ബാലാജി നാലോവറില്‍ 41 റണ്ണും ഹര്‍ഭജന്‍ നാലോവറില്‍ 40 റണ്ണും വിട്ടുകൊടുത്തു. നാലോവറില്‍ 23 റണ്‍ വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മാത്രമാണ് ക്യാപ്ടന്റെ വിശ്വാസം കാത്തുസൂക്ഷിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായസന്നാഹ മത്സരം ബാറ്റിംഗിലെയും പാകിസ്ഥാനെതിരായ മത്സരം ബൗളിംഗിലെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു. ഈ പിഴവുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള അവസരമാണ് അഫ്ഗാനെതിരെയുള്ളത്. കൃത്യമായ ടീം ഫോര്‍മേഷനാണ് ധോണിയും പരിശീലകന്‍ ഡങ്കന്‍ ഫ്‌ളച്ചറും നേരിടുന്ന വെല്ലുവിളി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ വിശ്വസിച്ചിറക്കാനുള്ള പദ്ധതി ശരിയാകില്ലെന്ന് തിങ്കളാഴ്ച പാക് ബാറ്റ്‌സ്മാന്മാര്‍ ധോണിക്ക് മനസിലാക്കിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വേണ്ടിവന്നാല്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ തന്നെയിറക്കാനും താന്‍ തയ്യാറാണെന്ന് ധോണി ഇന്നലെ പറഞ്ഞത്. പക്ഷേ, അഞ്ച് ബൗളര്‍മാരെയിറക്കുമ്പോള്‍ ബാറ്റിംഗ് നിരയില്‍ നിന്ന് ആരെയൊക്കെ ഒഴിവാക്കേണ്ടിവരുമെന്നത് പ്രശ്‌നമാകും.

ഇന്ന്‌നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെ നേരിടും. വൈകിട്ട് 3.30 മുതല്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.