അല്‍ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദനെ കുടുക്കിയത് ഒരുമിനുറ്റ് നീണ്ട ഫോണ്സംഭാഷണമാണെന്ന് റിപ്പോര്‍ട്ട്. അബോട്ടാബാദില്‍ ലാദന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഷെയ്ഖ് അബു അഹമ്മദ് നടത്തിയ ഫോണ്‍സംഭാഷണമാണ് ലാദനെ കുടുക്കാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ലാദന് തന്നെ നല്കിയ കര്‍ശന നിര്‍ദ്ദേശമാണ് ഷെയ്ഖ് അഹമ്മദ് ലംഘിച്ചത്. അല്‍ ഖയിദയിലെ മറ്റ് പ്രവര്‍ത്തകരോട് പോലും അധികമായി ഫോണിലൂടെ സംസാരിക്കരുതെന്ന് ലാദന് ആദ്യമേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിക്കപ്പെടുകയും ലാദന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഫോണ്‍ കോളിനെ പിന്തുടര്ന്ന് സി.ഐ.എ ചാരന്മാര് ലാദന്റെ സങ്കേതത്തിലെത്തുകയും ആഗോളതീവ്രവാദിയുടെ കഥ കഴിക്കുകയുമായിരുന്നു.
ലാദന്റെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു ഷെയ്ഖ് അഹമ്മദ്. അതുകൊണ്ടുതന്നെയാണ് അബോട്ടാബാദിലേക്കുള്ള യാത്രയില്‍ അഹമ്മദിനെ ലാദന് കൂടെക്കൂട്ടിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും ലാദന്റെ ഒപ്പമുണ്ടായിരുന്ന സഹചാരിയായിരുന്നു ഷെയ്ഖ് അഹമ്മദ്. പത്തുവര്‍ഷം ലാദന്റെ കൂടെനടന്ന അഹമ്മദ് ഒടുവില്‍ അദ്ദേഹത്തിനുതന്നെ വിനയാവുകയായിരുന്നു.
ഫോണിലൂടെ അധികം സംസാരിക്കരുതെന്നും നേരിട്ടുമാത്രമേ ബന്ധപ്പെടാന്‍ പാടുള്ളൂ എന്നും ലാദന് നിഷ്കര്‍ഷിച്ചിരുന്നു. പാക്കിസ്ഥാനിലെ പെഷാവാറിനടുത്തുവെച്ചാണ് ഫോണ്‍കോളിലെ സിഗ്നല്‍ സി.ഐ.എയുടെ ചാരന്മാര് തിരിച്ചറിയുന്നത്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ തന്നെ ഷെയ്ഖ് അഹമ്മദിനെ അമേരിക്ക പിന്തുടരുന്നുണ്ടായിരുന്നു എന്നാണ് സൂചന. ഉപഗ്രഹങ്ങളും മറ്റ് സംവിധാനങ്ങളുമുപയോഗിച്ച് അഹമ്മദിനെ പിന്തുടര്‍ന്ന അമേരിക്ക ഒടുവില്‍ ഹിറ്റ് ലിസ്റ്റിലെ ലാദന്റെ അടുത്തെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല