അല്‍-ക്വൊയ്ദ ഭീകരന് ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചിരുന്നത് പാകിസ്ഥാന്റെ സുരക്ഷാ ഏജന്‍സികളാണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ‘ഡെയ്ലി ടെലഗ്രാഫ്’ പ്രസിദ്ധീകരിച്ച വിക്കിലീക്സ് രേഖകളിലാണ് ഇക്കാര്യം പറയുന്നത്.
യുഎസ് സൈന്യം ലാദനെ ലക്ഷ്യമിടുമ്പോഴൊക്കെ പാകിസ്ഥാന് സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ സൈനിക നീക്കത്തിന്റെ കൃത്യമായ വിവരങ്ങള്‍ അല്‍-ക്വൊയ്ദ നേതാവിനെ അറിയിച്ചുകൊണ്ടിരുന്നു. അതേപോലെ, അല്‍-ക്വൊയ്ദ അംഗങ്ങളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതിന് വിമാനത്താവളത്തിലെ സുരക്ഷ പ്രശ്നമാകാതിരിക്കാനും ഐഎസ്ഐ ഡയറക്ടറേറ്റ് സംരക്ഷണം നല്‍കിയിരുന്നു എന്നും ഡെയ്ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ലാദനെ പിടികൂടാനുള്ള യുഎസ് ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നത് പാകിസ്ഥാനാണെന്ന് 2009-ല്‍ താജിക്കിസ്ഥാന്‍ സര്‍ക്കാര്‍ യുഎസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. താജിക് ഭീകരവിരുദ്ധ സംഘത്തിലെ പ്രധാനിയായ ജനറല്‍ അബ്ദുള്ളൊ സദുള്ളോവിച് നസരോവിനെ ഉദ്ധരിച്ച് വന്ന നയതന്ത്ര സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
പാകിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന് ഒരു അദൃശ്യ വ്യക്തിത്വമല്ല. ലാദന് വടക്കന്‍ വസിരിസ്ഥാനില്‍ എവിടെയാണ് കഴിയുന്നത് എന്ന് പലര്‍ക്കും വ്യക്തമായി അറിയാം. എന്നാല്‍, സുരക്ഷാ സൈനികര്‍ ലാദന്റെ കേന്ദ്രത്തില്‍ തെരച്ചില്‍ നടത്താനെത്തുമ്പോഴൊക്കെ പാകിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ശത്രുക്കള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു എന്നും അബ്ദുള്ളോ സദുള്ളോവിച് യുഎസ് പ്രതിനിധിയോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ ലാദനെ വധിക്കാന്‍ സാധിച്ചത് പാകിസ്ഥാന് രഹസ്യാന്വേഷണ വിഭാഗവുമായി വിവരങ്ങള്‍ പങ്കുവയ്ക്കാതിരുന്നത് കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വാണ്ടനാമൊ ബേയിലെ തടവുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ യുഎസ് പാകിസ്ഥാനുമായി പങ്കുവച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല