അല്‍-ക്വൊയ്ദ തലവന്‍ ബിന്‍ ലാദന്റെ ആദ്യ ഭാര്യയുടെ അമ്മ ലാദന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ മരിച്ചതായി ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ലാദന്റെ ആദ്യ ഭാര്യ നജ്വയുടെ അമ്മ നബി അല്‍-ഖാനെം ആണ് ലാദന്റെ മരണവാര്‍ത്ത കേട്ട് കുഴഞ്ഞു വീണ് മരിച്ചത്.
മെയ് രണ്ടിന് ഒസാമ ബിന്‍ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചു എന്ന് പ്രസിഡന്റ് ബരാക് ഒബാമയുടെ സ്ഥിരീകരണം കേട്ടപ്പോള്‍ എഴുപതുകാരിയായ ഖാനെം കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അഷാര്‍ഖ് അല്‍-അവ്സാത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
ലാദന്റെ പതിനേഴാമത്തെ വയസ്സിലാണ് സിറിയക്കാരിയായ നജ്വയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് 11 കുട്ടികള്‍ ജനിച്ചു. സെപ്തംബര്‍ 11 ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സിറിയയിലേക്ക് മടങ്ങിയെത്തിയത്.
1983-ല്‍ ആണ് ലാദന് രണ്ടാമത് വിവാഹിതനാവുന്നത്. രണ്ടാം വിവാഹത്തില്‍ മൂന്ന് കുട്ടികള്‍ ജനിച്ചു. എന്നാല്‍, അധികകാലം കഴിയും മുമ്പേ ബന്ധം വേര്‍പിരിയുകയായിരുന്നു എന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാദന്റെ അബോത്തബാദിലെ താവളത്തില്‍ മൂന്ന് ഭാര്യമാരും പന്ത്രണ്ടോളം കുട്ടികളും താമസിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാദന് കഴിഞ്ഞ അഞ്ച് വര്‍ഷമായി അബോത്തബാദില് താമസിച്ചിരുന്നു എന്ന് ഇളയ ഭാര്യ അമല്‍ അഹമ്മദ് അബ്ദുള്‍ഫത്താ (29) വെളിപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല