ന്യൂയോര്‍ക്ക്: പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം കേണല്‍ ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ലിബിയയില്‍ വ്യോമാക്രമണം തുടങ്ങി. ഫ്രഞ്ച് യുദ്ധവിമാനങ്ങളാണ് ലിബിയന്‍ സൈനികടാങ്കുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
ലിബിയക്കെതിരേ വ്യോമഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയം കഴിഞ്ഞദിവസം യു.എന്‍ സുരക്ഷാസമിതി പാസാക്കിയിരുന്നു. യു.എന്‍ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യു.എന്‍ മുന്നറിയിപ്പ് വകവെക്കാതെ ഗദ്ദാഫിയുടെ സൈന്യം പ്രക്ഷോഭകാരികള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു.
ബ്രിട്ടന്റേയും അമേരിക്കയുടേയും ഫൈറ്റര്‍ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ ലിബിയയിലെ ജനങ്ങള്‍ക്കുനേരെയുള്ള ആക്രണത്തെ കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുമെന്ന് കേണല്‍ ഗദ്ദാഫി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആയുധപുര തുറന്നിട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ആയുധമേന്തി ലിബിയയക്കുവേണ്ടി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല