സ്വന്തം ലേഖകന്‍: ലിവര്‍പൂളിനെ കരയിച്ച് വീണ്ടുമൊരു മരണം കൂടി, തിരുവല്ല സ്വദേശി അനില്‍ പോത്തന്‍ യാത്രയായി. ലിവര്‍പൂളിന് സമീപം ഫസാര്‍ക്കലി നിവാസിയായ അനില്‍ പോത്തന് 48 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് എയിന്‍ട്രി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അനില്‍ ഇന്നലെ രാവിലെ 11 മണിയോടെ അസുഖം കൂടിയതിനെ തുടര്‍ന്ന് ജീവന്‍ വെടിയുകയായിരുന്നു.
പത്ത് വര്‍ഷത്തോളമായി ലിവര്‍പൂള്‍ നിവാസികളാണ് അനിലും കുടുംബവും. ലിവര്‍പൂള്‍ മലയാളികള്‍ക്ക്ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു അനിലിന്റെ കുടുംബം. തിരുവല്ല കവിയൂര്‍ മൈലമൂട്ടില്‍ എം.എ. പോത്തന്റേയും ഏലിയാമ്മ പോത്തന്റേയും മകനാണ് ഓര്‍ത്തഡോക്‌സ് സഭാംഗമായ അനില്‍.
ആന്തരിക അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പ് കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ത്തോമ സഭാ വൈദികനായ റവ. റോണി ചെറിയാന്‍ ഉള്‍പ്പടെയുളളവര്‍ മരണവിവരം അറിഞ്ഞ് എയിന്‍ട്രി ആശുപത്രിയിലെത്തി.
ഓര്‍ത്തഡോക്‌സ് വൈദികനായ റവ്. അനില്‍ വര്‍ഗ്ഗീസ് ഉച്ചയോട് കൂടി ആശുപത്രിയിലെത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകനായ ടോം ജോസ് തടിയാംപാട് ഉള്‍പ്പടെയുള്ള നിരവധി ലിവര്‍പൂള്‍ മലയാളികള്‍ അനിലിന്റെ കുടുംബത്തിന് സഹായവുമായി ആശുപത്രി സന്ദര്‍ശിച്ചു.
ഭാര്യ സുഷ അനില്‍ നഴ്‌സിംഗ് ഹോം ജീവനക്കാരിയാണ്. സെറീന അനില്‍, സിയാന അനില്‍ എന്നിവര്‍ മക്കളാണ്. ഫസാര്‍ക്കലി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സംസ്‌കാരം നാട്ടിലായിരിക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ സൂചന നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല