1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2011


നിഷ ഉതുപ്പ് കുടിലില്‍

ലിവര്‍പൂള്‍: ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ പൊന്നോണക്കാഴ്ച ആര്‍പ്പോ ഇര്‍റോസംയുക്ത ഓണാഘോഷ പരിപാടികളും, ഓള്‍ യു.കെ വടംവലി മത്സരവും സെപ്റ്റംബര്‍ 17 ാം തിയ്യതി ശനിയാഴ്ച രാവിലെ ഒന്‍പതുമണി മുതല്‍ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളേജില്‍വെച്ച് നടത്തും. സമത്വത്തിന്റെയും, സമൃദ്ധിയുടെയും ഗതകാല സ്മൃതികളിലൂടെ കൊട്ടും കുരവയും ആര്‍പ്പുവിളികളുമായെത്തുന്ന ലിമയുടെ ഓണാഘോഷ മഹോത്സവത്തിലേക്ക് ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം.

ഇരുപതില്‍പരം യുവകലാകാരന്‍മാരും, കലാകാരികളും ഒരേ വേദിയില്‍ അണിനിരക്കുന്ന പുതുമയാര്‍ന്ന ലിമ അവതരണഗാനത്തോടെ കലാവിരുന്നിന് തിരി തെളിയും. ലിവര്‍പൂള്‍ മലയാളിയുടെ മനസ്സില്‍ മധുരസ്മരണകളുടെ നിറപൂക്കളങ്ങള്‍ തീര്‍ക്കാന്‍ ലിവര്‍പൂളിന്റെ നിറയൗവ്വനങ്ങള്‍ അണിയിച്ചൊരുക്കുന്ന അപൂര്‍വ്വ നൃത്തശില്‍പം ‘നൊസ്റ്റാള്‍ജിയ’ ദൃശ്യവിസ്മയങ്ങളുടെ പൊന്നോണംതന്നെ കാണികള്‍ക്ക് സമ്മാനിയ്ക്കും. പ്രശസ്ത കലാകാരന്‍ ജോയ് അഗസ്തി എഴുതി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ ‘ലൂക്ക 12: 20’, ഒരു പതിറ്റാണ്ട് പിന്നിട്ട യു.കെ മലയാളി കുടിയേറ്റത്തിന്റെ പ്രയാണ പഥങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആര്‍പ്പോ ഇര്‍റോ തികച്ചും വേറിട്ടൊരോണക്കാഴ്ചയാവും. ചേതോഹരങ്ങളായ നൃത്തനൃത്ത്യങ്ങള്‍, ഇമ്പമേറുന്ന ഗാനശകലങ്ങള്‍, മാവേലിമന്നന് വരവേല്‍പ്, ലിവര്‍പൂള്‍ കോക്കനട്ട് ക്രൂ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്, ശിങ്കാരിമേളം എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

അത്തപ്പൂക്കളമത്സരം രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. വിജയികള്‍ക്ക് ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയും, ഗാര്‍ഡിയന്‍ അസോസിയേറ്റ്‌സും സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍വെച്ച് നടന്ന വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ യു.കെയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ബോളിവുഡ് ഡാന്‍സില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഒളിമ്പ്യന്‍ ടോണി ജോസഫിനെ ലിമ അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.

യു.കെയിലെ അതിശക്തന്‍മാര്‍ മാറ്റുരയ്ക്കുന്ന ഓള്‍ യു.കെ വടംവലി മത്സരം അന്നേദിവസം രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ജേതാക്കള്‍ക്ക് ട്രാവല്‍ വിഷന്‍, പോള്‍ ജോണ്‍ ആന്റ് കോ സോളിസിറ്റേഴ്‌സ്, ട്രാവല്‍ ഫോര്‍ യു ഹോളിഡേയ്‌സ്, തൊമ്മനും മക്കളും എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡുകള്‍ നല്‍കും. കൗണ്‍സിലര്‍ ടോം ആദിത്യ സമ്മാനദാനം നിര്‍വ്വഹിക്കും. കാണികള്‍ക്കായി അതിവിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ലിമയുടെ ഓണാശംസകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.
ജോയി അഗസ്തി: 07809725214
സുനിത ജോര്‍ജ്: 07533763460
മെലീസ ഇമ്മാനുവല്‍: 07737134024
ആഷിഷ് ജോസഫ്: 07800838448
ഹരികുമാര്‍ ഗോപാലന്‍: 07963387035

VENUE: ST.JOHN BOSCO ARTS COLLEGE’
STONDALE. CRESCENT, L 11gDQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.