1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

ജിജോ എം: ഈ സെപ്റ്റംബര്‍ 26 നു ഭരണങ്ങാനം അല്‍ഫോണ്‍സ ചാപ്പലില്‍ എത്തിയവര്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. വിശുദ്ധയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതരായി ഒരു സംഘം ഇംഗ്ലീഷുക്കാര്‍, ഭക്തിയാദരങ്ങളോടെ കൂപ്പുകരങ്ങളുമായി ഭാാതത്തിന്റെ ആദ്യ വിശുദ്ധയുടെ കബറിടത്തില്‍ അവര്‍ സമയം ചെലവിട്ടത് വിശുദ്ധയുടെ മാധ്യസ്ഥ ശക്തി അനുഭവിച്ചറിഞ്ഞു തന്നെയാണ്. അതിന് കാരണമായതാവട്ടെ സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗിനടുത്തുള്ള ലിവിംഗ്സ്റ്റണ്‍ വിശുദ്ധ അല്‍ഫോണ്‍സ സെന്ററും.

ലിവിംഗ്സ്റ്റണില്‍ നിന്നുള്ള 15 അംഗ സംഘമാണ് സഹനദാസിയുടെ കബറിടം സന്ദര്‍ശിക്കാനെത്തിയത്. ഇവരില്‍ പലരും ഇത് രണ്ടാം തവണയാണ് ഇവിടെയെത്തുന്നത്. ലിവിംഗ്സ്റ്റണ്‍ ഇടവക വികാരി ഫാ. ജെര്‍മി സി ബാത്ത്, എഡിന്‍ബര്‍ഗ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, ലിവിംഗ്സ്റ്റണ്‍ ഫൊറാന വികാരി ഫാ. ബാസില്‍ക്ലാര്‍ക്ക്, തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ ഒരുക്കിയ ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ടി ജിജോ മാധവപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 സെപ്റ്റംബറിലും ഒരു സംഘം ഇവിടെ എത്തിയിരുന്നു. അന്നുണ്ടായ ആത്മീയ ഉണര്‍വും വിശ്വാസബോധ്യങ്ങളുമാണ് അവരില്‍ മിക്കവരെയും വീണ്ടും അല്‍ഫോണ്‍സ കബറിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്.

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച വിദേശത്തെ ദേവാലയങ്ങളില്‍ ഒന്നാണ് ലിവിംഗ്സ്റ്റണ്‍ സെന്റ്. ഫിലിപ്‌സ് ചര്‍ച്ച്. അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു അധികം വൈകാതെ 2009 ജനുവരിയില്‍ അന്നത്തെ എഡിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ്പ് കീത്ത് ഒബ്രയാനാണ് പ്രതിഷ്ഠ നിര്‍വഹിച്ചത്. അതേ വര്‍ഷം ജൂലൈയില്‍ ലിവിംഗ്സ്റ്റണില്‍ സംഘടിപ്പിച്ച ആദ്യ തിരുന്നാളില്‍ ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും അന്നത്തെ ആര്‍ഗില്‍ ബിഷപ്പായിരുന്ന ഡോ. ഇയാന്‍ വുറെയും ചേര്‍ന്ന് അല്‍ഫോണ്‍സ സെന്ററിനെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ 8 വര്‍ഷമായി ലിവിംഗ്സ്റ്റണ്‍ അല്‍ഫോണ്‍സ സെന്ററിലെ തിരുന്നാളും അതിനൊരുക്കമായുള്ള നവനാള്‍ദിനങ്ങളും തദ്ദേശീയരായ സഭാവിശ്വാസികളില്‍ ആഴമായ ബോധ്യവും സ്വാധീനവുമാണ് ചെലുത്തുന്നത്. തിരുനാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുന്ന പ്രദക്ഷിണത്തില്‍ മലയാളികള്‍ക്കൊപ്പം നൂറുകണക്കിന് സ്‌കോട്ടിഷ് വിശ്വാസികളും അണിചേരുന്നു എന്നത് അതിനു തെളിവാണ്. എഡിന്‍ബര്‍ഗ് സീറോ മലബാര്‍ ചാപ്ലിനായി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി 2011 ഡിസംബറില്‍ നിയമിതനായതോടെയാണ് അല്‍ഫോണ്‍സ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായത്. മൂന്നാം ശനിയാഴ്ചകളില്‍ ദിവ്യബലിയും നൊവേനയും ദിവ്യകാരുണ്യാരാധനയും ആരംഭിച്ചു. ലിവിംഗ്സ്റ്റണ്‍ അല്‍ഫോണ്‍സ സെന്ററില്‍ നിന്നും പകര്‍ന്നു കിട്ടിയ വിശ്വാസതീക്ഷ്ണതയാണ് ഇംഗ്ലീഷ്‌ക്കാരായ വിശ്വാസികളെ വീണ്ടും വീണ്ടും ഭരണങ്ങാനം സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

2013 ല്‍ എത്തിയ സംഘം ഭരണങ്ങാനത്തോടൊപ്പം കേരളസഭയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കേരള സഭാമാക്കളുടെ വിശ്വാസ ജീവിതം ആഴത്തില്‍ മനസിലാക്കുവാന്‍ അവസരമൊരുക്കിയ സന്ദര്‍ശനം ആത്മപരിശോധന നടത്താനും അവര്‍ക്ക് പ്രേരണയായി. ആ സന്ദര്‍ശനത്തില്‍ പങ്കെടുത്തവരുടെ വിശ്വാസ ജീവിതത്തിന് കൂടുതല്‍ ഉണര്‍വ്വുണ്ടായെന്ന് വികാരി പറഞ്ഞതായി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി സാക്ഷ്യപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും ശ്രദ്ധേയമായ ശുശ്രൂഷയാണ് അല്‍ഫോണ്‍സ സെന്ററിന്റെ നേതൃത്വത്തിലുള്ള ‘അല്‍ഫോണ്‍സ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി’ നിര്‍വഹിക്കുന്നത്.

കാന്‍സര്‍ രോഗത്താല്‍ മരണപ്പെട്ടവരുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം.

ഓഗസ്റ്റ് 30 നു ബ്രിട്ടനില്‍ നിന്നും തിരിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അടക്കം ചെയ്ത ഗോവയിലെ ദേവാലയം സന്ദര്‍ശിച്ചതിന് ശേഷമാണ് ഭരണങ്ങാനത്ത് എത്തിയത്. ആലുവ മൈനര്‍ സെമിനാരിയും എറണാകുളത്തിനു സമീപമുള്ള അനാഥ മന്ദിരവും സന്ദര്‍ശിച്ചു, തുടര്‍ന്ന് കോതമംഗലം ബിഷപ്പ് ഹൌസില്‍ ലിവിംഗ്സ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ലോത്തിയില്‍ ക്രെഡിറ്റ് യൂണിയനും കോതമംഗലം രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വച്ചു.

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ ജീവിതം പകര്‍ന്നു കൊടുക്കാനായതിന്റെ സന്തോഷത്തിലാണ് ബ്രിട്ടനില്‍ ശക്തമായ സാനിധ്യമായി മാറിയിരിക്കുന്ന കേരളസഭാ മക്കള്‍.

ദൈവത്തെ മറന്നു ധൈവാലയങ്ങള്‍ മറന്നു ജീവിക്കുന്ന ഇംഗ്ലീഷുക്കാരുടെ പുതുതലമുറക്ക് ദൈവത്തിലേക്കും വിശ്വാസജീവിതത്തിലേക്കുമുള്ള മടക്കയാത്രക്ക് ഒരു കൈത്താങ്ങായി മാറുക എന്ന ചരിത്രപരമായ ദൈവീകദൌത്യത്തിന്റെ പാതയിലാണ് ഇവിടത്തെ മലയാളി ്രൈകസ്തവര്‍.

മാന്നാനം: വിശുദ്ധനായ ചാവറയച്ചന്റെ കബറിടത്തില്‍ എത്തിയ വിശ്വാസി സംഘം മാന്നാനം കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിലുള്ള ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു. അതോടൊപ്പം വിശുദ്ധ തോമാശ്ലീഹായുടെ നാമോദയത്തിലുള്ള കല്ലറ പഴയപള്ളിയും സംഘം സന്ദര്‍ശിച്ചു.

ഇന്‍ഡോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റം എന്ന നൂതന ആശയവും ആയി ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് ഇന്ന് ബ്രിട്ടണിലെയും, കേരളത്തിലെയും, ചൈനയിലെയും പല സ്‌കൂളുകളും ആയി അടുത്തു പ്രവര്ത്തിച്ചു വരുന്ന ന്യൂകാസില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍ സിറ്റി ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ആണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശുദ്ധ അല്‍ഫോണ്‍സ സെന്ററിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിശുദ്ധനാട്ടിലേക്കും 2016 വിശുദ്ധ കാരുണ്യ വര്‍ഷം പ്രമാണിച്ച് റോമിലേക്കും തീര്‍ത്ഥാടനം ഒരുക്കി വരുന്ന ആഷിന്‍ സിറ്റി തങ്ങളുടെ തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് അനാഥ മന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഇന്ത്യയിലെ എല്ലാ വിനോദസഞ്ചാര മേഖലകളും സന്ദര്‍ശിക്കുന്നതിനുമുള്ള അവസരം കൂടി നല്‍കി വരുന്നതും പ്രത്യേകം ശ്രദ്ധേയമാണ്. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നത് കല്ലറ സെന്റ് തോമസ് ചര്‍ച്ച് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചു വരുന്ന ആഷിന്‍ സിറ്റി ആന്‍ഡ് ഡാഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.