ലണ്ടന്‍: കഴിഞ്ഞ ലേബര്‍ ഗവര്‍ണ്‍മെന്റിന്റെ കാലത്ത് മൂന്ന് മില്ല്യന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തിയതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി രേഖപ്പെടുത്തിയ എണ്ണം വ്യാഴാഴ്ച പുറത്തുവിടുമെന്ന് മൈഗ്രേഷന്‍ വാച്ച് യു.കെ അറിയിച്ചു. 1997ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷമുള്ള കണക്കാണ് പുറത്തുവിടുന്നത്.
ലേബേര്‍സ് ചെയ്ത ഏറ്റവും വലിയ ചതി എന്നാണ് അവരുടെ എമിഗ്രേഷന്‍ നയത്തെ മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഗ്രീന്‍ വിശേഷിപ്പിച്ചത്. 32 ലക്ഷം ജനങ്ങള്‍ എന്നത് ബെര്‍മിങ്ഹാമിലുള്ളതിന്റെ മൂന്നിരട്ടിയാണ്. ഇത് റോഡ്, റെയില്‍വേ, ഹൗസിങ്, പരിസ്ഥിതി, സ്‌ക്കൂള്‍, ഹോസ്പിറ്റല്‍, ജീവിതസാഹചര്യം തുടങ്ങിയ കാര്യങ്ങളില്‍ വന്‍ സമ്മര്‍ദ്ദമാണ് ചെലുത്തുക. ഇപ്പോഴത്തെ സര്‍ക്കാരിന് പാരമ്പര്യമായി ലഭിച്ച ഈ പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ വികസനം ഉണ്ടാവൂ. അതിനുകഴിഞ്ഞില്ലെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ എല്ലാ സ്വഭാവങ്ങളും നമുക്ക് നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അനിയന്ത്രിതമായ ഈ കുടിയേറ്റം പൊതു സേവന മേഖലയില്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കുടിയേറ്റക്കാരുടെ എണ്ണം പതിനായിരമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ തങ്ങള്‍ നടത്തുന്നതെന്ന് എമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.
എക്‌ണോമിക് വിസ നിയന്ത്രിക്കല്‍, വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറക്കാനുള്ള നടപടികള്‍, വിവാഹ, ഫാമിലി വിസ നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ ഈ നീക്കത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല