വാഷിംഗ്ടണ്‍: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ആരോപണവിധേയനായ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മേധാവി ഡൊമനിക് സ്ട്രോസ് കാന്‍ രാജിവെച്ചു. ആരോപണത്തെ തുടര്‍ന്ന് സ്ട്രോസിനെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റുചെയ്തിരുന്നു.
രാജിവെയ്ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് കാണിച്ച് സ്ട്രോസ് ഐ.എം.എഫ് എക്സിക്യൂട്ടിവ് ബോര്‍ഡിന് കത്തയച്ചിരുന്നു. തുടര്‍ന്ന് സ്ട്രോസിന്റെ രാജി ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെ സ്ട്രോസ് ഇപ്പോഴും നിഷേധിക്കുകയാണ്.
നേരത്തേ അറസ്റ്റിലായ സ്ട്രോസിനെ കുപ്രസിദ്ധ റിക്കേഴ്സ് ഐലന്റ് ജയിലിലേക്ക് മാറ്റിയിരുന്നു. കാന്‍ നിരപരാധിയാണെന്നും തന്റെ കക്ഷിയ്ക്ക് ജാമ്യംനിഷേധിച്ച കോടതി നടപടിയില്‍ നിരാശയുണ്ടെന്നും കാനിന്റെ അഭിഭാഷകന് പറഞ്ഞു. 25 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിയ്ക്കാവുന്ന ഏഴു കുറ്റകൃത്യങ്ങളാണ് കാനിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ കാനിനെതിരെ പീഡനക്കേസുമായി എഴുത്തുകാരി ട്രിസ്റ്റാനെ ബാനോന്‍ രംഗത്തെത്തിയിട്ടുണ്ട്. കാന്‍ ഫ്രാന്‍സിന്റെ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍പോയ തന്നെ അദ്ദേഹം പീഡിപ്പിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞദിവസം അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്റ് സര്ക്കോസിയ്ക്കെതിരെ മത്സരിക്കാനുള്ള കാനിന്റെ മോഹം ഇതോടെ അസ്തമിക്കാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല