ദുബൈയ്: യു.എ.ഇക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് തോല്‍വി. യുഎഇയിലെ അല്‍ ഐന്‍ ഷെയ്ഖ് ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദമത്സരത്തില്‍ 3-0നാണ് ആതിഥേയര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കത്തിലേ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് ഇന്ത്യയുടെ കളിയെ താളം തെറ്റിച്ചു. മിഡ്ഫീല്‍ഡര്‍ ദേബാബ്രത റോയിയും ഗോളി സുബ്രതോ പാലുമാണ് ചുവപ്പുകാര്‍ഡുകണ്ടു പുറത്തായത്. ഫൗളിനനുവദിച്ച രണ്ട് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച് യു.എ.ഇ, ആദ്യപകുതിയിലേ രണ്ട് ഗോളിന്റെ ലീഡ് നേടി. 21, 29 മിനിറ്റുകളിലായി ഇസ്മായില്‍ ഹമദാനും മുഹമ്മദ് അല്‍ ഷെഹിയുമാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്.
രണ്ടുപേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഒന്‍പതു പേരായി ചുരുങ്ങിയ ഇന്ത്യക്ക് ഒരിക്കല്‍പ്പോലും യു എ ഇ ഗോള്‍മുഖത്ത് ഭീക്ഷണി സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 82ാം മിനിറ്റില്‍ ഹമദാന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ബാംഗ്ലൂരില്‍ നടക്കുന്ന രണ്ടാം പാദ മതസരം ഇന്ത്യക്ക് നിര്‍ണ്ണായകമായി. 2014-ലെ ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇന്ത്യക്കിനി ബാംഗ്ലൂരില്‍ മികച്ചഗോള്നേട്ടത്തോടെ യു.എ.ഇയെ കീഴടക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല