എവിടെ നോക്കിയാലും മഞ്ഞു പാളികള്‍ മാത്രമുള്ള, കുടിവെള്ളമോ ഫോണ്‍ സൗകര്യമോ ഇല്ലാത്ത ഒരു പ്രദേശത്ത് ജോലിക്കു പോകാന്‍ ആരെങ്കിലും തയ്യാറകുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ തെറ്റി. അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ജോലിക്ക് അപേക്ഷയുമായി എത്തിയിരിക്കുന്നത് 1000 പേരാണ്.
പോസ്റ്റ് ഓഫീസ് കൈകാര്യം ചെയ്യുന്ന യുകെ അന്റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് 1000 അപേക്ഷകളാണ് ലോകത്തിന്റെ തെക്കേ അറ്റത്തുള്ള ജോലിക്കു വേണ്ടി എത്തിയത്. അപേക്ഷകരുടെ തിരക്കു കാരണം മൂന്നു തവണ ട്രസ്റ്റിന്റെ വെബ്‌സൈറ്റ് പണി മുടക്കിയതായി അധികൃതര്‍ പറയുന്നു.
അന്റാര്‍ട്ടിക്കയിലെ പോര്‍ട്ട് ലോക്രോയിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുപാളികളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന പാറ കൊണ്ടുള്ള ദ്വീപായ ഗോഡിയര്‍ ഐലന്റിലാണ് പോര്‍ട്ട് ലോക്രോയ്. ഒരു സ്‌കൂള്‍ മൈതാനത്തിന്റെ വലിപ്പം മാത്രമേ ദ്വീപിനുള്ളു.
വെള്ളം ഉറഞ്ഞു കട്ടിയായിരിക്കുന്ന ദ്വീപില്‍ താപനില പൂജ്യത്തിനും പത്തു ഡിഗ്രി താഴെയാണ്. 1944 ലാണ് അന്റാര്‍ട്ടിക്ക പര്യവേക്ഷണത്തിനായി പോര്‍ട്ട് ലുക്രോയ് തുടങ്ങുന്നത്. തുടര്‍ന്ന് 1962 ല്‍ സ്റ്റേഷന്‍ അടച്ചു പൂട്ടിയെങ്കിലും 1996 ല്‍ അന്റാര്‍ട്ടിക് ഉടമ്പടി അനുസരിച്ച് അതൊരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
ജോലിക്ക് അപേക്ഷിക്കുന്നവര്‍ ഏതാണ്ട് 2,000 ത്തോളം വരുന്ന പെന്‍ഗ്വിന്‍ കൂട്ടത്തോടൊപ്പം ജീവിക്കാന്‍ താത്പര്യമുള്ളവര്‍ ആയിരിക്കണം എന്നും അറിയിപ്പില്‍ പറയുന്നു.
ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് പോര്‍ട്ട് ലോക്രോയില്‍ ചെലവിടേണ്ടി വരിക. ദ്വീപിലുള്ള ഗിഫ്റ്റ് ഷോപ്പ്, പോസ്റ്റ് ഓഫീസ്, മ്യൂസിയം എന്നിവയുടെ മേല്‍നോട്ടമാണ് പ്രധാന ചുമതലകള്‍. ഓരോ സീസണിലും ശരാശരി 18,000 സന്ദര്‍ശകരാണ് ദ്വീപ് സന്ദര്‍ശിക്കാറുള്ളത്.
ലോകത്തിന്റെ തെക്കെ അറ്റത്തായതു കൊണ്ട് പോര്‍ട്ട് ലോക്രോയില്‍ രാത്രിയില്ല. അപേക്ഷകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും പകലായാണ് അനിഭവപ്പെടുക. ഒരു മാസം 1,100 പൗണ്ടാണ് ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഒപ്പം കര്‍ശനമായ ശാരീരിക, വൈദ്യ പരിശോധനകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല