ലോകമെങ്ങുമുള്ള മെട്രോ സിറ്റികളെ പിന്തള്ളിക്കൊണ്ട് ചൈന മെഗാ നഗരം നിര്‍മിയ്ക്കാനൊരുങ്ങുന്നു. പേള്‍ നദീതടത്തിലെ ഒമ്പതു പട്ടണങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് മെഗാപോളീസ് നിര്‍മാണത്തിന് ചൈന പദ്ധതിയിട്ടിരിയ്ക്കുന്നത്. 16,000 ചതുരശ്ര മൈല്‍ വരുന്നതായിരിക്കും നഗരം.
രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള നദീതടത്തില്‍പ്പെടുന്ന നഗരങ്ങളെ ഒന്നിപ്പിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായി ബ്രിട്ടനിലെ ലണ്ടന്‍ നഗരത്തേക്കാള്‍ 26 മടങ്ങ് വലിപ്പമുണ്ടാവും. മെഗാ നഗരത്തില്‍ 4.2 കോടി ജനങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരള സംസ്ഥാനത്ത് 3.18 കോടി മാത്രമാണ് ജനസംഖ്യയെന്നറിയുമ്പോള്‍ നഗരത്തിന്റെ വലിപ്പം വ്യക്തമാവും.
അടുത്തിടെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിച്ച ഗ്വാങ്ഷൂ, ഷെന്‍ഷെന്‍ പ്രവിശ്യകളില്‍പ്പെടുന്ന ഫോഷന്‍, ഡോംഗ്വാന്‍, ഷോംഗ്്ഷാന്‍, ഷുഹായ്, ജിയാങ്‌മെന്‍, ഹുയിഷു, ഷാവോക്വിംഗ്്് എന്നീ അറിയപ്പെടുന്ന ഏഴു പട്ടണങ്ങളും ലയിക്കുന്നതില്‍പ്പെടുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്ന് ഇവിടെയാണ്.
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലയിപ്പിക്കുന്ന നഗരങ്ങളിലെ ഗതാഗതം, ഊര്‍ജം, വെള്ളം, വാര്‍ത്താവിനിമയം എന്നീ അടിസ്ഥാനസൗകര്യങ്ങളെ ഒന്നിപ്പിക്കാനാണ് പദ്ധതി.
ഇതുകൂടാതെ സമീപ നഗരമായ ഹോങ്കോംഗുമായി ബന്ധപ്പെടുത്തി എക്‌സ്പ്രസ് റെയില്‍വേയും സ്ഥാപിക്കുമെന്ന് ഗുവാംഗ് ഡോംഗ്് റൂറല്‍ ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് ഇന്‍സ്റ്റിറ്റിയട്ടിലെ മുഖ്യ പ്ലാനര്‍ മാ സിയാംഗ് മിംഗ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല