ന്യൂദല്‍ഹി: ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ നാല് വരെ ദക്ഷിണകൊറിയയിലെ ഡെയ്ഗുവില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എട്ടംഗ ടീമില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രജ്ജിത് മഹേശ്വരി(ട്രിപ്പിള്‍ ജംപ്), ടിന്റു ലൂക്ക(400 മീറ്റര്‍), മയൂഖ ജോണി(ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ്)എന്നിവരാണ് മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മലയാളികള്‍. ഓം പ്രകാശ്(ഷോട്ട് പുട്ട്), വികാസ് ഗൗഡ(ഡിസ്‌ക്കസ്), ഗുര്‍മീത് സിംങ്, ബാബുഭായ് പനൂച്ച(20 കി.മി.നടത്തം), ഹര്‍വന്ദ് കൗര്‍(ഡിസ്‌ക്കസ്) എന്നിവരാണ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റ് കായികതാരങ്ങള്‍.
പുരുഷന്മാരുടെ നൂറ് മീറ്റര്‍, വനിതകളുടെ നാനൂറ് മീറ്റര്‍ റിലേ ടീമുകളടക്കം പതിനാല് താരങ്ങള്‍ ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കാനുള്ള യോഗ്യതാ മാര്‍ക്ക് മറികടന്നിരുന്നു. എന്നാല്‍ എല്ലാവരെയും സെലക്ഷന് പരിഗണിച്ചില്ല. ടീമിലെ ആറ് താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ചതിന് പിടിയിലായതിനാലാണ് 400മീറ്റര്‍ വനിതാ റിലേടീമിനെ പരിഗണിക്കാതിരിക്കാന്‍ കാരണം.
വനിതാതാരം അശ്വനിക്കും വിനയായത് ഉത്തേജകമരുന്നുപയോഗമാണ്. റിലേക്ക് പുറമേ 400 മീറ്റര്‍ ഹര്‍ഡില്‍സിലും പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്നു അശ്വിനി.
മലയാളി ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ ശ്രീധരന്‍, കവിതാ റൗത്ത്, ഡിസ്‌ക്കസ് ത്രൊ താരം കൃഷ്ണ പൂനിയ എന്നിവരും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്നെങ്കിലും മൂവരും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ച ടീമിലില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല