ലോര്‍ഡ്‌സ്: ഫോളോഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ 33-ാം സെഞ്ചുറിയെടെ ദ്രാവിഡ് ഒരിക്കല്‍ക്കൂടി വന്‍ നാണക്കേടില്‍ നിന്നും കരകയറ്റി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരേ ഇന്ത്യ 286നു പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ അഞ്ച് റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിനു 193 റണ്‍സിന്റെ ലീഡായി.
സച്ചിന്റെ നൂറാം സെഞ്ചുറിക്കായി കാത്തിരുന്ന കാണികള്‍ക്ക് ദ്രാവിഡിന്റെ 33- ാം ടെസ്റ്റ് സെഞ്ചുറിയ്ക്ക സാക്ഷ്യം വഹിക്കാനാണ് ഭാഗ്യമുണ്ടായത്. സച്ചിന് 34 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഭിനവ് മുകുന്ദ് (49), എം.എസ്.ധോണി (28), എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പുന്നീടുളളവരില്‍ രണ്ടക്കം കടന്നത് ഗംഭീര്‍(15), ലക്ഷമണ്‍(19), പ്രവീണ്‍ കുമാര്‍(17) എന്നിവര്‍ മാത്രമാണ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ക്രിസ് ട്രംലറ്റ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
വിക്കറ്റ് നഷ്ടപ്പെടാതെ 17 എന്നനിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്കു സ്‌കോര്‍ 63 റണ്‍സിലെത്തി നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെ വിക്കറ്റ് സ്റ്റുവര്‍ട്ട് ബ്രോഡ് തെറിപ്പിച്ചു. യുവതാരം അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. അര്‍ധ സെഞ്ചുറി ഒരു റണ്‍സകലെ വച്ച അഭിനവും ബ്രോഡിനു മുന്നില്‍ കീഴടങ്ങി.
പിന്നീട് ലോര്‍ഡ്‌സില്‍ തടിച്ച് കൂടിയ കാണികളുടെ ഹര്‍ഷാരവത്തോടെ ക്രീസിലെത്തിയ സച്ചിന്‍ ദ്രാവിഡിനൊപ്പം നൂറാം സെഞ്ചുറിയെന്ന അപൂര്‍വ്വനേട്ടത്തിലേക്ക് പതുക്കെ നീങ്ങവെയാണ് അപ്രതീക്ഷിതമായി പുറത്തായത്. ബ്രോഡിന്റെ ഔട്ട് സിങ്ങറില്‍ ബാറ്റ് വച്ച സച്ചിനെ രണ്ടാം സ്ലിപ്പില്‍ സ്വാന്‍ പിടികൂടി. 58 പന്തില്‍ ആറു ബൗണ്ടറിയോടെയാണ് സച്ചിന്‍ 34 തികച്ചത്.
സച്ചിന്‍ പുറത്തായ ഉടനെ രാഹുല്‍ ദ്രാവിഡ് അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍, പിന്നീട് വന്ന എല്ലാവരും ദ്രാവിഡിന് മികച്ച പിന്തുണ കൊടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ 286 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശ്ശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല