നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍റെ ദുരിത ഫലങ്ങള്‍ നേരിട്ടറിയാന്‍ വീണ്ടും ഒരു കമ്മീഷനെ നിയോഗിച്ചത് വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറി മരിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യജീവനുകളോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.കേരളം,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാത്രമേ ഈ കൊടും വിഷത്തെക്കുറിച്ച് പരാതിപ്പെടുന്നുള്ളൂ എന്നാണ് ശരത് പവാര്‍ പറഞ്ഞത്.മുന്‍പൊരിക്കല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി കെ വി തോമസും എന്‍ഡോസള്‍ഫാനെ അനുകൂലിച്ചു പ്രസ്താവന നടത്തിയിരുന്നു.
ശീതീകരിച്ച മുറികളിലും കാറുകളിലും കറങ്ങി നടക്കുന്ന ഗാന്ധിജിയുടെ പേരില്‍ അഴിമതിയില്‍ മുങ്ങിത്താഴുന്ന ഖദര്‍ ധാരികള്‍ക്ക് കാസര്‍കോട്ടെ സാധാരണക്കാരന്റെ ജീവനേക്കാള്‍ പ്രിയം പാര്‍ട്ടി ഫണ്ടിലേക്കും സ്വന്തം പോക്കറ്റിലേക്കും മരുന്ന് കമ്പനിക്കാര്‍ കുത്തി നിറക്കുന്ന കോടികള്‍ ആയിരിക്കും.എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദുരിതവും പേറി ജീവച്ഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെയും അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.എന്‍ഡോസള്‍ഫാനും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമേതുമില്ലെന്ന് ജനീവ കണ്‍വന്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിലൂടെ കാസര്‍ഗോഡിലെയും ദക്ഷിണ കര്‍ണാടകത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്.
എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ് നിരോധിച്ച ഒരു കീടനാശിനിയെയാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുന്നതെന്നോര്‍ക്കണം.എന്‍ഡോസള്‍ഫാന് പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗരീതികളെക്കുറിച്ച് കര്‍ഷകരെ ബോധവത്‌കരിക്കുക അപ്രായോഗികമാണെന്നുമാണ് ഇന്ത്യ ഇതിനായുള്ള ന്യായവാദമായി പറയുന്നത്.നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക 1998 മുതല്‍ ഈ മാരക വിഷം നിരോധിച്ചിരുന്നു.ബദല്‍ മാര്‍ഗങ്ങളിലൂടെ ഉത്‌പാദനനിരക്കില്‍ ഇടിവ് സംഭവിക്കാതെ നിലനിര്‍ത്താനും അവര്‍ക്കായിട്ടുണ്ട്.അതുപോലെ 2006-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തും മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച, ഫ്രാന്‍സ്, സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങളുടെ തമസ്‌കരണം കൂടിയാണ് ഇന്ത്യ നടത്തുന്നത്.
കഴിഞ്ഞ പത്തുവര്‍ഷമായി ആകാശമാര്‍ഗമുള്ള എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിര്‍ത്തിവെച്ചിട്ടും, ഇന്നും ഒടുങ്ങാത്ത ദുരിതമാണ് കാസര്‍കോടും മറ്റ് എന്‍ഡോസള്‍ഫാന്‍ പ്രയോഗിത ഇടങ്ങളിലും കാണാന്‍ കഴിയുന്നത്. വിഷമഴ തീര്‍ത്ത ദുരിതങ്ങളുടെ തുടര്‍ച്ചകള്‍ക്കിനിയും അവസാനമായിട്ടില്ല. മനുഷ്യന്റെ ജനിതക ഘടനയെത്തന്നെ തകിടം മറിച്ച് തലമുറകളിലൂടെ ദുരിതം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .പ്രകൃതിയെയും ജീവനെയും തകര്‍ത്ത വിഷമഴയുടെ കെടുതികളില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കണം.എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിക്കണം എന്ന നിലപാട് കൈക്കൊണ്ട കേന്ദ്രസര്‍ക്കാര്‍ ദുരിതബാധിതരുടെ കെടുതികള്‍ക്ക് ഉടനെയൊന്നും അറുതിയുണ്ടാവില്ല എന്ന സൂചനയാണ് നല്‍കുന്നത്.
രാഷ്ട്രിയപാര്‍ട്ടികളും മാധ്യമ സിണ്ടിക്കേറ്റുകളും ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ പ്രശനപരിഹാരത്തിന് വേണ്ടത് ഒരു ജനകീയ സമരമാണ്.അണ്ണാ ഹസാരെ നടത്തിയത് പോലെയുള്ള ഒരു സമരത്തിന് മാത്രമേ ഈ മാരകവിഷത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കൂ.സ്ഥലകാല ഭേദമില്ലാതെ ഇന്റര്‍നെറ്റ് വഴി അഭിപ്രായ ശേഖരണം നടത്തുന്ന ഈ കാലഘട്ടത്തില്‍
ഒരു സൈബര്‍ സമരത്തിന് യുക്മ പോലെയുള്ള സംഘടനകള്‍ മുന്‍കൈയെടുക്കണം
.ഈ വിഷയത്തില്‍ പൊതു ജനാഭിപ്രായം സ്വരൂപിക്കാന്‍ യുക്മ നടത്തുന്ന ശ്രമങ്ങള്‍ തികച്ചുംസ്വാഗതാര്‍ഹാമാണ്.പ്രാദേശിക അസോസിയേഷനുകളും മറ്റു മലയാളി കൂട്ടായ്മകളും മലയാളി മാധ്യമങ്ങളും ഈ സംരംഭത്തില്‍ പങ്ക് ചേരണം.മുലപ്പാല്‍ കുടിക്കാന്‍ വായില്ലാത്ത കുട്ടിയെ പ്രസവിക്കേണ്ടി വരുന്ന അമ്മയുടെ കണ്ണീര്‍ നമ്മള്‍ കണ്ടില്ലെങ്കില്‍ വരും തലമുറ നമുക്ക് മാപ്പ് തരില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല