സജീഷ് ടോം (യുക്മ പി. ആര്‍. ഒ.): മനസിന്റെ തന്ത്രികളില്‍ തീവ്രരാഗങ്ങളുടെ ശ്രുതിമീട്ടി സംഗീതത്തിന്റെ പൂക്കാലം തീര്‍ത്ത ബാലഭാസ്‌ക്കര്‍ മരിക്കാത്ത ഓര്‍മ്മയായി, ഒരു നൊമ്പരകാറ്റായി സ്മൃതികളിലേക്ക് മറഞ്ഞത് ഏതാനും ദിനങ്ങള്‍ മാത്രം മുന്‍പ്. ഇത് ഈ ഒക്‌റ്റോബറിന് മറക്കാനാവാത്ത ദുഃഖം. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന യുവ സംഗീത പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 2018 യുക്മ ദേശീയ കലാമേള നഗരിക്ക് ‘ബാലഭാസ്‌ക്കര്‍ നഗര്‍’ എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.
മുന്‍ വര്‍ഷങ്ങളിലേത്‌പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. അഞ്ചോളം പേരുകളാണ് ഇത്തരത്തില്‍ ലഭിച്ചത്. അതില്‍നിന്നും ഒരു പേര് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ബാലഭാസ്‌ക്കറുടെ ആകസ്മികമായ വേര്‍പാട് ലോക മലയാളി സമൂഹത്തെ തേടിയെത്തിയത്. ഇക്കഴിഞ്ഞ നാളുകളില്‍ കലാ സാംസ്‌ക്കാരിക രംഗത്തെ പ്രിയപ്പെട്ട പലരും നമ്മെ വിട്ടു പിരിയുകയുണ്ടായെങ്കിലും ബാലഭാസ്‌ക്കറെന്ന അതുല്യ പ്രതിഭയുടെ വേര്‍പാടിന് തുല്യംവക്കാന്‍ മറ്റൊന്നില്ലായിരുന്നു എന്നത് നൊമ്പരപ്പെടുത്തുന്ന ഒരു സത്യം മാത്രം.
ബാലഭാസ്‌ക്കറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ യുക്മ ദേശീയ കലാമേള നഗര്‍ അറിയപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറോളം സന്ദേശങ്ങളാണ് യുക്മ സ്‌നേഹികളില്‍നിന്നും യു കെ മലയാളി പൊതുസമൂഹത്തില്‍നിന്നും യുക്മ ദേശീയ കമ്മറ്റിക്ക് ലഭിച്ചത്. രണ്ടാമതൊന്നാലോചിക്കാതെ, ബാലഭാസ്‌ക്കറെന്ന വയലിന്‍ മാന്ത്രികന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, 2018 ദേശീയ കലാമേള നഗറിന് ‘ബാലഭാസ്‌ക്കര്‍ നഗര്‍’ എന്ന് യുക്മ ദേശീയകമ്മറ്റി ഐകകണ്‌ഠേനെ നാമകരണം ചെയ്തു.
മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടന്‍ കലാഭവന്‍ മണിയുമെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു
സൗത്ത് യോര്‍ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ആണ് ഒന്‍പതാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ഒക്‌റ്റോബര്‍ 27 ശനിയാഴ്ച പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലെ ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. യുക്മ യോര്‍ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെയും ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് 2018 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. കലാമേള നഗറിന്റെ വിലാസം താഴെക്കൊടുക്കുന്നു:
പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂള്‍, ഹഡര്‍സ്ഫീല്‍ഡ് റോഡ് , പെനിസ്റ്റണ്‍, ഷെഫീല്‍ഡ് S36 7BX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല