ബേസില്‍ (വയോങ്): കഴിഞ്ഞ ദിവസം നടന്ന ന്യൂ സൗത്ത് വെയില്‍സിലെ ഏറ്റവും വലിയ മള്‍ട്ടിക്കള്‍ച്ചറല്‍ ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് ടൂര്ണമെന്റായ വയോങ് പ്രീമിയര്‍ ലീഗില്‍ ആതിഥേയരായ വായോങ് വാരിയേഴ്‌സിനെ ഫൈനലില്‍ 7 വിക്കറ്റിന് തകര്‍ത്തെറിഞ്ഞു ന്യൂകാസ്റ്റില്‍ മലയാളികളുടെ ആവേശമായ ടീം ന്യൂകാസ്റ്റില്‍ ഹണ്ടേഴ്‌സ് ചാമ്പ്യന്മാരായി. പ്രത്യേക ഫോര്‍മാറ്റില്‍ 8 ഓവര്‍ മാത്രമുള്ള 8 പേര്‍ കളിക്കുന്ന ഏകദിന ടൂര്‍ണമെന്റാണ് വയോങ് പ്രീമിയര്‍ ലീഗ്. വയോങ് വാരിയേഴ്‌സും ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സും ചേര്‍ന്നു ഇത് നാലാം തവണയാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ന്യൂ സൗത്ത് വെയില്‍സിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ വ്യക്തമായ മേധാവിത്തത്തോടെ ഒരു കളിയില്‍ പോലും തോല്‍വി എന്തെന്നറിയാതെ സമീപത്തു ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ന്യൂകാസ്റ്റില്‍ ഹണ്ടേഴ്‌സിന്റെ പ്രകടനം. ലീഗ് മത്സരങ്ങളില്‍ ശക്തരായ ഗോങ് ടസ്‌കേഴ്‌സിനെയും കെ പി ആര്‍ സിഡ്‌നിയിയെയും അനായാസം തോല്‍പ്പിച്ചാണ് ഹണ്ടേഴ്‌സ് സെമിയില്‍ പ്രവേശിച്ചത്. ആവേശം കത്തിജ്വലിച്ച സെമിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് പുറത്താകാതെ വെറും 8 പന്തില്‍ നേടിയ 40 റണ്‍സിന്റെയും ടൂര്‍ന്മെന്റിന്റെ താരം നോയലിന്റെ 35 നോട്ടൗട്ടിന്റെയും ബലത്തില്‍ മുന്‍ ചാമ്പിയന്‍മാരായ ഹോണ്‍സ്ബിയുടെ 100 റണ്‍സ് എന്ന വിജയലക്ഷ്യം 7.2 ഓവറില്‍ മറികടന്നു.സെമി കഴിഞ്ഞതോടുകൂടി ന്യൂകാസ്റ്റില്‍ ഹണ്ടേഴ്‌സ് കപ്പ് ഉറപ്പിച്ചിരുന്നു.
ഫൈനലില്‍ ടോസ് നേടിയ വാരിയേഴ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഐജോ , ശ്രീജിത്ത് , ജീവന്‍ ,ടൂര്‍ണമെന്റിന്റെ മികച്ച ബൗളര്‍ കിരണ്‍ എന്നിവരടങ്ങുന്ന ഹണ്ടേഴ്‌സിന്റെ ബൗളിംഗ് നിരയുടെ തീ പാറുന്ന പ്രകടനത്തില്‍ വാരിയേഴ്‌സിനു വെറും 78 റണ്‍സ് ഏടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹണ്ടേഴ്‌സ്‌ന് 20 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്‍സണ്‍ന്റെ വിക്കറ്റ് നഷ്ടമായി. ബോള്‍ കൊണ്ട് ഹണ്ടേഴ്‌സിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ നോയലിന് കാലിന്റെ കുഴക്കു ഫ്രാക്ചറായെങ്കിലും റിട്ടയേര്‍ഡ് ഹര്‍ട്ട് ആകാന്‍ കൂട്ടാക്കാതെ ബാറ്റിംഗ് തുടരുകയായിരുന്നു. പിന്നീട് നോയലിനു എവിടെ പന്തെറിയുമെന്നറിയാതെ വിഷമിക്കുന്ന വയോങ് ബൗളേഴ്‌സിനെയാണ് കണ്ടത്. ഓടാന്‍ കഴിയാത്ത നോയല്‍ ഒറ്റക്കാലില്‍ നിന്ന് സിക്‌സുകളും ഫോറുകളും മാത്രം അടിച്ചു 40 റണ്‍സില്‍ റിട്ടയേര്‍ഡായ കാഴച കാണികളെ ത്രസിപ്പിച്ചു. ആറാം ഓവറില്‍ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും സിക്‌സുകള്‍ പായിച്ച ശ്രീജിത്ത് കാണികളെ ആവേശഭരിതരാക്കികൊണ്ട് 12 പന്തുകള്‍ ബാക്കിനില്‍ക്കെ അനായാസം ഹണ്ടേഴ്‌സിനെ വിജയത്തിലെത്തിച്ചു.നാല് മാസത്തിനു മുന്‍പ് നടന്ന സെന്‍ട്രല്‍ കോസ്റ്റ് ടി ട്വന്റി ലീഗിന്റെ തനിയാവര്‍ത്തനം ആയിരുന്നു ഫൈനല്‍. അന്നും വയോങ്ങിനെ തകര്‍ത്തു ഹണ്ടേഴ്‌സ് ചാമ്പ്യന്മാരായിരുന്നു.
നേരത്തെ മുന്‍പ് സെമിയില്‍ പുറത്തായ ടീമിന് വേണ്ടി കളിച്ച പ്ലെയര്‍ വയോങ്ങിനു വേണ്ടി ഫൈനലില്‍ കളിക്കാനിറനിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 10 മിനിറ്റ് കളി തടസ്സപ്പെട്ടു. അമ്പയര്മാരുടെ ഇടപെടലിനെ തുടര്‍ന്ന് കളി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സിന്റെയും വയോങ് വാരിയേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും വിവിധ പ്രതിനിധികള്‍ പങ്കെടുത്തു. ചാംപ്യന്‍സിനുള്ള ട്രോഫിയും 1500 ഡോളറും മോര്‍ഗേജ്ബിസ്സ് മോര്‍ഗേജ് കണ്‍സള്‍ട്ടന്റ് അബിന്‍ ജോസഫില്‍ നിന്നും ക്യാപ്റ്റന്‍ ഐജോ ഏറ്റുവാങ്ങി.
ഓരോ കളിയിലും ടീം കൂടുതല്‍ മെച്ചപ്പെട്ടു വരികയും എല്ലാവരും അവരുടെ ജോലി കൃത്യമായി ചെയ്യുകയും ചെയ്തതാണ് ഈ വിജയത്തിന് പിന്നിലെന്ന് ക്യാപ്റ്റന്‍ ഐജോ കളിക്ക് ശേഷം പറഞ്ഞു. ഇത്രയും പ്രതിഭകളുള്ള ടീമിനെ നയിക്കാന്‍ സന്തോഷമുണ്ടെന്നും കൂട്ടിചേര്‍ത്തു. ടൂര്‍ണ്ണമെന്റിലുടനീളം ആരവം മുഴക്കി ടീമിനെ പ്രോത്സാഹിപ്പിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത കാണികളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ക്യാപ്റ്റന്‍ പ്രത്യേകം നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല