മാറുന്ന കാലത്തിനനുസരിച്ച് വിവാഹ സങ്കല്പനങ്ങളും മാറും. സ്വയംവരം പോലെ പെണ്ണുകാണലിന്റെയും കാലം ഏതാണ്ട് കഴിഞ്ഞു. ഇപ്പോള്‍ ഇന്റര്‍നെറ്റും, ഫെയ്‌സ്ബുക്കുമൊക്കെയാണ് വിവാഹ വിപണിലെ താരങ്ങള്‍. എന്നാല്‍ ഈ ട്രന്റുകള്‍ക്കു പുറമേ പുതിയൊരു ട്രന്റ് കൊണ്ടുവരാന്‍ ശ്രമവും തകൃതിയായി നടക്കുകയാണ്.
ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. അതിനാല്‍ ഇനി മുതല്‍ ഭാവി പങ്കാളിയെ തിരഞ്ഞെടുക്കാനും റിയാലിറ്റി ഷോ മതിയെന്നാണ് ചില സെലിബ്രിറ്റികളുടെ തീരുമാനം. ബോളിവുഡ് താരം രാഖി സാവന്താണ് റിയാലിറ്റി വിവാഹത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുലും തന്റെ വധുവിനെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തി. ഈ ഇന്ത്യന്‍ താരങ്ങള്‍ക്കു പുറമേ പാക്കിസ്ഥാനി നടി മീരയും ഒരുങ്ങിയിരിക്കുകയാണ് ഒരു വിവാഹ റിയാലിറ്റി ഷോയ്ക്ക്.
കോന്‍ ബനേഗാ മീരാ പതിയെന്നാണ് ഷോയുടെ പേര്. ഇതില്‍ പങ്കെടുക്കാന്‍ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 13 മത്സരാര്‍ത്ഥികളെ മീര ഇന്റര്‍വ്യൂ ചെയ്തു കഴിഞ്ഞു. ഒരു ചുവന്ന റോസാപ്പൂവോ അല്ലെങ്കില്‍ താജ്മഹലിന്റെ പ്രതീകവുമായോ തന്റെ ഹൃദയം കവരാനെത്തിയ പുരുഷ കേസരികളെ കണ്ട ത്രില്ലിലാണ് മീരയിപ്പോള്‍. ആദ്യ എപ്പിസോഡിലുണ്ടായിരുന്ന നീളന്‍ മുടിക്കാരനോട് ‘നീ എനിക്കുവേണ്ടി എന്റെ മുടി വെട്ടുമോ’ എന്നാണ് മീര ചോദിച്ചത്. ‘മുടിയല്ല മീരയ്ക്കുവേണ്ടി കഴുത്തുതന്നെ വെട്ടാം’ എന്നാണ് ആ സുന്ദരന്‍ മറുപടി നല്‍കിയത്.
മറ്റൊരു യുവാവ് ഞാന്‍ സുന്ദരനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് മീരയോട് ചോദിച്ചു. പഴയകാല ഇന്ത്യന്‍ നടി മീര കുമാരിയുടെ ഭാവത്തില്‍ ദീര്‍ഘനേരത്തെ മൗനത്തിനുശേഷം മീര അതെയെന്ന് മറുപടി നല്‍കി. മറ്റൊരു മീര ആരാധകന്‍ വന്നത് താജ്മഹലിന്റെ പ്രതീകവുമായാണ്. ഈ താജ്മഹലിനെക്കാള്‍ സുന്ദരിയാണ് എന്റെ മീരയെന്ന് കമന്റു പാസാക്കി ആ പയ്യന്‍. ഇതിനു പുറമേ പാട്ടുപാടിയും, പുഷ്പമഴ പെയ്യിച്ചും മീരയുടെ ഹൃദയം കവരാനെത്തിയവര്‍ ഒരുപാടാണ്. ഇവരില്‍ ആര് നടിയുടെ കഴുത്തില്‍ മിന്നുകെട്ടുമെന്ന് കാത്തിരുന്ന് കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല