മിഴിയടച്ച വിശുദ്ധ സാന്നിധ്യത്തിന് ആയിരങ്ങളുടെ ആദരാഞ്ജലി. ചുണ്ടില്‍ പ്രാര്‍ത്ഥനയും കൈയില്‍ പൂക്കളുമായി വിശ്വാസിസമൂഹം വലിയ ഇടയനെ വണങ്ങാനെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനു വെച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ ഭൗതികശരീരത്തില്‍ ആദരവര്‍പ്പിക്കാന്‍ നാനാ തുറകളില്‍ നിന്ന് പ്രമുഖരടക്കമുള്ളവര്‍ എത്തി. സെന്റ് മേരീസ് ബസലിക്കയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഞായറാഴ്ച സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം രാത്രി ഏഴരയോടെ മൃതദേഹം കബറടക്കി.
ഞായറാഴ്ച 2.30ന് സീറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് ശുശ്രൂഷകള്‍ തുടങ്ങിയത്. നാലരയോടെ നഗരികാണിക്കല്‍ ആരംഭിച്ചു. അഞ്ചരയോടെ ഭൗതികശരീരം ദേവാലയത്തില്‍ തിരിച്ചെത്തിച്ചു. അനുശോചന യോഗത്തിനു ശേഷം നടക്കുന്ന കബറടക്ക ശുശ്രൂഷകള്‍ രാത്രി എട്ട് മണിയോടെ പൂര്‍ത്തിയായി.
കാലം ചെയ്ത മാര്‍ ലൂയീസ് പഴയപറമ്പില്‍, അഗസ്റ്റിന്‍ കണ്ടത്തില്‍, ജോസഫ് പാറേക്കാട്ടില്‍, എബ്രഹാം കാട്ടുമന, ആന്റണി പടിയറ എന്നിവരുടെ കല്ലറകളോട് ചേര്‍ന്നാണ് വര്‍ക്കി പിതാവിന്റെ കല്ലറയൊരുക്കിയത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ നിന്ന് വര്‍ക്കി പിതാവ് അംഗമായ ദിവ്യരക്ഷക സഭയുടെ മറ്റൂരുള്ള പ്രൊവിന്‍ഷ്യാള്‍ ഹൗസിലെത്തിച്ച ഭൗതികശരീരം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയിലെത്തിച്ചു. അനേകായിരങ്ങള്‍ ഇവിടെ അന്ത്യോപചാരമര്‍പ്പിച്ചു. പത്തരയോടെ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിച്ചു. സഭാ പിതാക്കന്മാര്‍ ഇവിടെ ആദരാഞ്ജലി അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം ആര്‍ച്ച് ബിഷപ്പ് ഹൗസിലെത്തിച്ച ശേഷമാണ് കര്‍ദിനാളിന്റെ ശരീരം സെന്റ് മേരീസ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനു വെച്ചത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കര്‍ദിനാള്‍ വിതയത്തിലിന്റെ ഭൗതികശരീരം വണങ്ങാന്‍ അവസരം നല്‍കിയത്. നഗരികാണിക്കലിനു ശേഷവും ഉപചാരമര്‍പ്പിക്കാന്‍ സമയം നല്‍കുകയുണ്ടായി. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, സഭാ മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സംസ്‌കാര ശുശ്രൂഷകകള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല